ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി.സതീശനോട് എന്‍എസ്എസിനുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ല, തന്നെ കാണാനും ആരും വരേണ്ട.
വി.ഡി. സതീശനെ കാണാനല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ് നേരത്തേ അനുവാദം ചോദിച്ചത്. ഒരു വോട്ടറും പ്രമുഖ സംഘടനയുടെ നേതാവുമാണെന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കുന്ന ആള് കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അത്തരം ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?
മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില് തിരിച്ചു വിളിക്കുമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉണ്ടോ? രാഹുല്‍ ഗാന്ധി എവിടെയെന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു.
‘വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ സുരേഷ് ഗോപിക്ക് രാഷ്ട്രീയ ലക്ഷ്യം’
സുരേഷ് ഗോപിയുടെ അഭിപ്രായത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് നിഴലിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഉപരാഷ്്ട്ര പതിയെക്കൂടി ഈ രാഷ്്ട്രീയ ലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു.
2015 അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് പെരുന്നയില്‍ സുരേഷ് ഗോപി വന്നത്. അന്ന് ബജറ്റ് യോഗത്തിലേക്ക് വലിഞ്ഞുകയറിവന്നതിന് പിന്നില്‍ രാഷ്്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ബിജെപിയുമായി അടുത്തു നില്‍ക്കുകയാണ് എന്‍എസ്എസ് എന്നു വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ബജറ്റ് ദിനത്തിലായിട്ടും പുഷ്പാര്‍ച്ചന നടത്താന്‍ അനുവാദം നല്കി.
പാര്‍ലമെന്റ് പോലെ തന്നെയാണ് ഞങ്ങളുടെ ബജറ്റ് യോഗവും. സുരേഷ് ഗോപിയെന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ? തെറ്റുപറ്റിയെന്ന് സുരേഷ്ഗോപി തന്നെ അന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് പിന്നീട് തിരുത്തിയത്. ഉപരാഷ്ട്രപതിയെ മുന്‍പ് ഞങ്ങള്‍ സ്വീകരിച്ചതാണ്. അന്ന് പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അങ്ങോട്ടുചോദിച്ച് പുഷ്പാര്‍ച്ചന നടത്തിയിട്ടേ പോകാവൂ എന്ന് നിര്ബന്ധിക്കുന്നതാണോ ശരി? മുന്‍ ഗവര്‍ണര്‍ ആനന്ദബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്.
ഈ വിവാദം വീണ്ടും ഉണ്ടാക്കിയതിനു പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതില്‍ പാവം ഉപരാഷ്്ട്രപതിയേയും വലിച്ചിഴച്ചു. ഡല്‍ഹിയിലെ കരയോഗത്തിന് എന്‍എസ്എസുമായി ഒരു ബന്ധവുമില്ല.ഞങ്ങള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചിട്ടുള്ളതാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മര്യാദ.
സുരേഷ് ഗോപിയുടെ നിലപാട് സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് രാജീവ് ചന്ദ്രശേഖരന് എന്‍എസ്എസിന് അനുകൂലമായ നിലപാടെടുത്തതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.