ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.
കോണ്ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.