National
ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച് 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത് വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
Kerala
കൊച്ചി: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്‍ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന്‍ മാറ്റി.
സര്‍ക്കാരിന്റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്‍ഥിയായ എസ്. അക്ഷയ് കൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
National
ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.