ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച് 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത് വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
Tags : Supreme Court UGC stay