National
മുംബൈ: മഹാരാഷ്ട്രയിലെ ചെന്പൂരിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പന്ത്നഗർ സ്വദേശിനി യാമിനി സുവാരെ (28) ആണ് മരിച്ചത്.
സിന്ധുവാടി ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് യാമിനിയെ ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനി സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഇന്ത്യൻ ടാങ്കറുകൾ എൽപിജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകളാണ് 93000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലേക്ക് എത്തുന്നത്.
കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം അറിയിച്ചു.
ശിവാലിക്, നന്ദദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നുവെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവ 16നും 17നും ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കടൽ മൈനുകൾ അടക്കം നീക്കാൻ ഇറാൻ സഹകരിച്ചെന്നാണ് സൂചന.
ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്ന നിർദേശം കേന്ദ്രം വീണ്ടും നൽകി.
Kerala
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർ തീപിടിത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
National
ലക്നോ: ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അലിഗഡ്-ആഗ്ര ഹൈവേയിലെ സമമൈ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
മരിച്ചവരിൽ 12കാരനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അലിഗഡിൽ നിന്ന് ഹത്രാസ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്നുംവന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു.
മോട്ടർ സൈക്കിളിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് അതുൽ വത്സും പോലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സിൻഹയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.