Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് അതിക്രമിച്ച് കയറിയതിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. യൂത്ത്കോൺഗ്രസ് നടത്തുന്നത് തീക്കളിയാണ്. ആ കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വസീഫ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനെ തുടർന്ന് മന്ത്രി വീണാ ജോർജിനെതിരെ യൂത്ത്കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ വീടിന്റെ വാതിലില്‍ റീത്ത് വെച്ചു.
പിന്നാലെ പത്തനംതിട്ട ടൗൺഹാളിലെ മന്ത്രിയുടെ പരിപാടിയിലും പ്രതിഷേധമുണ്ടായി. കോൺഗ്രസ് ജനപ്രതിനിധികളാണ് ഇവിടെ പ്രതിഷേധിച്ചത്. ഇതോടെ യോഗം നിർത്തിവച്ചു. പിന്നീട് എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
Kerala
മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.
മുളവുകാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെയാണ് ശ്രീരാജ് ഭീഷണിപ്പെടുത്തിയത്. യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ട് തിരിച്ചെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബോട്ടിന്റെ വീല്‍ ഹൗസില്‍ കയറി സ്റ്റിയറിംഗ് ബലമായി തിരിച്ച് നിയന്ത്രണം തെറ്റിച്ചു.
തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബോട്ടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോട്ട് ജീവനക്കാരായ രതീഷും മനോജ് ബാബുവും മുളവുകാട് പോലീസില്‍ പരാതി നല്കി. മുളവുകാട് പോലീസ് ശ്രീരാജിനെതിരെ കേസ് എടുത്തു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും എന്നാൽ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.
ഇതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാൽ, യുദ്ധത്തിലേക്കു തള്ളിവിട്ടാൽ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങൾ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ നാവിക സേനയാണ് ഗൾഫ് മേഖലയിലേക്ക് അയച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താൽ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോൾ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.
അതു വീണ്ടും സംഭവിക്കാൻ അനുവദിക്കരുതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. മാലിക്കിയുടെ ഭ്രാന്തൻ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക ഇറാക്കിനെ മേലിൽ സഹായിക്കില്ല. സഹായിക്കാൻ തങ്ങളില്ലെങ്കിൽ ഇറാക്കിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. ‘മേക്ക് ഇറാക്ക് ഗ്രേറ്റ് എഗെയ്ൻ’ – ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’- ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരത്തിൻമേൽ വാഷിംഗ്ടണിൽ നിരീക്ഷണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. എന്നാൽ ആഭ്യന്തര ഊർജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അത്യാവശ്യമാണെന്ന നിലപാടിൽ ഇന്ത്യ
ഉറച്ചു നിൽക്കുകയാണ്.
തീരുവ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുണ്ടെങ്കിലും, വ്യാപാര ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രംപും നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പുതിയ ഘട്ട ചർച്ചകൾ ആരംഭിച്ച സമയത്താണ് ഈ സംഭാഷണം നടന്നത്.
ഈ വർഷം ആദ്യം ചർച്ചകൾ തുടങ്ങിയെങ്കിലും, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ യുഎസ് 50 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചർച്ചകൾ തടസപ്പെട്ടിരുന്നു.
National
ദിസ്പുർ: ആസിഡ് ഒഴിക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ കേസ്. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.
16കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ പിതാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പാർഥ പ്രതിം ദാസ് പറഞ്ഞു.
Kerala
കൊച്ചി: അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ. ഞായറാഴ്ച രാത്രി എറണാകുളം തത്തപ്പിള്ളിയിലായിരുന്നു സംഭവം.
ഉച്ച മുതൽ റോഡിലൂടെ യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നു. ഒരു സ്ത്രീയുടെ ദേഹത്ത് വാഹനം തട്ടുകയും ചെയ്തു.
ഇതിന് പിന്നാലെ സമീപത്ത് കട നടത്തുന്നയാളുടെ മകൻ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തിരിച്ചു പോയ മുവർ സംഘം ഇന്നലെ രാത്രിയോടെ വീണ്ടും കടയിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.
സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.