പാലക്കാട്: പോലീസിനെതിരെ ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഭീഷണി മുഴക്കിയത്.
ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് താക്കീത്. പോലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി പ്രസംഗം.
"നോര്ത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുളള ഒരുപാട് പോലീസുകാരെ നേരിട്ടുമാണ് ഞങ്ങളിവിടെ എത്തിയത്'.
"ഗുണ്ടായിസം കാണിക്കാന്‍ പോലീസുകാര്‍ മെനക്കെട്ടാല്‍ ആ ഗുണ്ടകളെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഭരണം മാറി എന്ന് വിചാരിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലേ. ഇതിന്റെ അപ്പുറമുളള നല്ല പൂരം കാണാനല്ലേ പോകുന്നത്. ഞങ്ങള്‍ക്ക് ഇഡിയുമില്ല ഒരു ചുക്കുമില്ല' - ജില്ലാ സെക്രട്ടറി പറഞ്ഞു.