Kerala
മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.
ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: മലപ്പുറം തിരൂരിൽ മസാജിന് പോയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണാഭരണങ്ങളും തട്ടിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മസാജ് സെന്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്തതായാണ് പരാതി. 'ഓറ വെൽനെസ്' എന്ന മസാജ് സെന്ററിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.
മസാജിനെത്തിയ യുവാവിന്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്റെ സ്വർണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു.
മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരൂർ: മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (26) ആണ് വ്യാഴാഴ്ച വൈകുന്നേരം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കൽപ്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയാണ് നിസാമുദ്ദീൻ. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
കോടതി നടപടികൾ പൂർത്തിയാക്കി തവനൂർ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളിലും പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
Kerala
മലപ്പുറം: തിരൂരിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. വൈലത്തൂർ ജംഗ്ഷന് സമീപം താമസിക്കുന്ന അലി ഗാസിയാണ് കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.
എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്.
Kerala
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി.
Kerala
മലപ്പുറം: തിരൂര് ബസ് സ്റ്റാന്ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തിനശിച്ചു. തൃക്കണ്ടിയൂര് സ്വദേശി എം. ചന്തുവിന്റെ ഉടമസ്ഥതയിലുള്ള എ.ആര്. ബേക്കറിയാണ് കത്തിനശിച്ചത്. ക്രിസ്മസ് പുതുവര്ഷ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 20 ലക്ഷം രൂപയുടെ ബേക്കറി പലഹാരങ്ങള് തീപിടിത്തത്തിൽ നശിച്ചു.
ചൊവ്വാഴ്ച പുലര്ച്ചെ 5.30നാണ് സംഭവം. കടയ്ക്കുള്ളില്നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്ന് സമീപത്തുണ്ടായിരുന്നവര് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തിരൂര് ഫയര് സ്റ്റേഷനിലെ നാല യൂനിറ്റ് എത്തിയാണ് തീ അണച്ചത്.
ഷോര്ട്ട് സര്ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്. അര നൂറ്റാണ്ടിലേറെയായി തിരൂരില് വ്യാപാരം നടത്തുന്നവരാണ് കടയുടമ.
Kerala
മലപ്പുറം: സമസ്തയിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പറഞ്ഞ ഉമർ ഫൈസി മുക്കം അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും വ്യക്തമാക്കി.
ആർക്കൊക്കെ പദവി നൽകണം, ആരെയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.
അതേസമയം സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും അഭിപ്രായപ്പെട്ടു.
Kerala
മലപ്പുറം: തിരൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. ആദൃശ്ശേരി പട്ടരാട്ടില് വീട്ടില് സക്കീര് ഹുസൈൻ (43) ആണ് അറസ്റ്റിലായത്. തിരൂര് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് സാദിക്കും സംഘവും ചേര്ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര് മുത്തൂര് ബൈപ്പാസ് റോഡില് വാഹന പരിശോധനക്കിടെ കാറില് കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല് ഫോണും ഇയാളില് നിന്ന് പിടിച്ചെടുത്തു.
അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്പ്പന നടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള് കേന്ദ്രീകരിച്ച് മെത്താംഫെറ്റമിന് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര് ഹുസൈനെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകള് പ്രതിയുടെ പേരില് ഇതിനു മുമ്പും രജിസ്റ്റര് ചെയ്തിട്ടുണ്ട്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.