Education
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി ഇന്നു പ്രസിദ്ധീകരിക്കും.
ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കു മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer ലിങ്കിലൂടെ ഓൺലൈനായി നാളെ വൈകുന്നേരം നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
Kerala
കൊച്ചി: സര്ക്കാര് മെഡിക്കല് കോളജുകളിലെ പ്രിന്സിപ്പല്മാരുടെ സ്ഥലം മാറ്റത്തിനുള്ള കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) സ്റ്റേ ഹൈക്കോടതി റദ്ദാക്കി. സര്ക്കാര് ഉത്തരവ് നിയമവിരുദ്ധമാണെന്നു കരുതാനാകില്ലെന്നും ട്രൈബ്യൂണലില് നല്കിയ ഹര്ജിയില് ബന്ധപ്പെട്ട എല്ലാവരെയും കക്ഷിചേര്ത്തില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജൂണ് ഒന്നിന് സര്ക്കാര് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് കെഎടി സ്റ്റേ ചെയ്ത നടപടി ചോദ്യംചെയ്ത് സര്ക്കാരും മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറും ചില മെഡിക്കല് കോളജ് പ്രിന്സിപ്പല്മാരും നല്കിയ ഹര്ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
മാര്ച്ചില് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും നിലവില് ഇതുപ്രകാരം ഒട്ടേറെ ഒഴിവുകളുള്ള സാഹചര്യത്തില് ആരെയും ബാധിക്കാത്ത വിധം സ്ഥലംമാറ്റം നടപ്പാക്കാമായിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കെഎടിയിലെ ഹര്ജി. ഇക്കാര്യങ്ങള് പ്രഥമദൃഷ്ട്യാ ശരിവച്ചാണ് കെഎടി സ്ഥലം മാറ്റ നടപടികള് സ്റ്റേ ചെയ്തത്. എന്നാല്, ചില തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്കിയപ്പോഴുണ്ടായ ഒഴിവുകളിലേക്ക് അനിവാര്യമായ സ്ഥലംമാറ്റം നടത്തുകയാണു ചെയ്തതെന്ന് സര്ക്കാര് വ്യക്തമാക്കി.
സുഗമമായ ഭരണനിര്വഹണത്തിനു ഡോക്ടര്മാരുടെ സ്ഥലംമാറ്റവും ഉദ്യോഗക്കയറ്റവും തീരുമാനിക്കുകയെന്നതു സര്ക്കാരിന്റെ അധികാരമാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, എല്ലാ കക്ഷികളെയും കേട്ട് ട്രൈബ്യൂണല് ഹർജികള് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില് പറയുന്നു.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Kerala
കണ്ണൂർ: ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ പട്ടികയും മന്ത്രിയുടെ കുറിപ്പുമടക്കം ചോർത്തി സ്റ്റേ സന്പാദിക്കുന്നതുമായി ബന്ധപ്പെട്ട ഉപജാപക സംഘം സെക്രട്ടേറിയറ്റിൽ സജീവമെന്നു സൂചന.
ട്രഷറി വകുപ്പിൽ ഒഴിവുള്ള സ്ഥലങ്ങളിലേക്കു ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പട്ടിക ചോർത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വഴി (കെഎടി) സ്റ്റേ സന്പാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രി നൽകിയ കുറിപ്പും ചോർന്നിരുന്നു.
ട്രഷറിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം നടത്താനായി തയാറാക്കിയ പട്ടികയാണു ചോർത്തിയത്. ജില്ലാ ട്രഷറി ഓഫീസർ, ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക.
ട്രഷറി ഡയറക്ടറുടെ ഇ-ഓഫീസ് സംവിധാനത്തിൽനിന്നാണു ഫയൽ ചോർന്നത്. ഇ-ഓഫീസ് ഫയലിന്റെ സ്ക്രീൻ ഷോട്ട് ഒരു ഔദ്യോഗിക സർവീസ് സംഘടന തങ്ങളുടെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ സ്ക്രീൻ ഷോട്ട് രേഖയായി കാണിച്ച് പട്ടികയിലെ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവിനെ സമീപിച്ചാണ് സ്റ്റേ സന്പാദിച്ചത്.
ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉത്തവാദിത്വം ആർക്കാണെന്ന കാര്യത്തിൽ വകുപ്പോ സർക്കാരോ അന്വേഷണമോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ട്രഷറി ഡയറക്ടറുടെ അറിവോടെയാണ് പട്ടിക ചോർന്നതെന്നാണ് ഭരണകക്ഷി സർവീസ് സംഘടനകൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിടുന്നത്. ട്രഷറി പോലുള്ള അതീവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന വകുപ്പുകളിൽ ഫയലുകൾ ചോർത്തിയെടുക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറി ഇ-ഓഫീസ് വഴി നൽകുന്ന ട്രഷറി ധനവിനിയോഗ നിയന്ത്രണം അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നു കർശന നിർദേശം നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മാധ്യമങ്ങൾ അടക്കമുള്ള പുറത്തുള്ളവർക്ക് ഈ വിവരം കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
പഴയ സർക്കാരിന്റെ ഈ സർക്കുലർ ഇപ്പോഴും നിലവിലുണ്ടെന്നരിക്കേയാണ് ഫയലുകൾ ചോരുന്നത്. ട്രഷറി വകുപ്പിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രമിച്ചുവന്നിരുന്നു.
Kerala
കൊച്ചി: സഹപ്രവര്ത്തകനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് തയാറാക്കിയ പരാതിക്കത്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയ സംഭവത്തില് അന്വേഷണം. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസര് ആണ് താനൊരുക്കിയ പരാതി അബദ്ധത്തില് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയത്.
കഴിഞ്ഞ പത്തു വര്ഷത്തോളമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്, ട്രാഫിക് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരേയാണ് പരാതി.
കഴിഞ്ഞ ജനറല് ട്രാന്സ്ഫറില് പുത്തന്കുരിശ് സ്റ്റേഷനിലേക്ക് മാറി, മൂന്നു മാസത്തിന് ശേഷം മൂവാറ്റുപുഴ ട്രാഫിക്കിലേക്ക് തിരികെ ട്രാന്സ്ഫര് വാങ്ങി സ്ക്വാഡില് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഓപ്പറേഷന് തൂഫാന് പൊളിക്കാന് ശ്രമിക്കുന്നുവെന്നും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നുമാണ് പരാതിയില് പറയുന്നത്.
അബദ്ധം പറ്റിയത് മനസിലാക്കി സ്റ്റാറ്റസ് പിന്വലിച്ചെങ്കിലും സഹപ്രവര്ത്തകരടക്കം സ്റ്റാറ്റസ് സ്ക്രീന് ഷോട്ട് എടുത്തു പ്രചരിപ്പിച്ചിരുന്നു. സ്ക്രീന് ഷോട്ട് വൈറലായതോടെ അച്ചടക്ക ലംഘനം നടന്നത് ഉന്നത ഉദ്യോഗസ്ഥര്ക്കിടയില് അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഗൂഗിള് പേ വഴി 78,000 രൂപ തട്ടിയതായി പരാതി. കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് ഗോപാലന്റെ (46) എടവനക്കാടുള്ള ബാങ്കിലെ അക്കൗണ്ടില് നിന്നാണ് പണം തട്ടിയത്. കെട്ടിട നിര്മാണം കരാര് എടുത്തു ചെയ്യുന്ന ഇയാള് പണിക്കാരന് കൂലിയായി ഗൂഗിള് പേ വഴി പണം അയച്ചപ്പോള് പോകാത്തതിനെ തുടര്ന്ന് ബാലന്സ് നോക്കിയപ്പോഴാണ് പണമില്ലാത്തത് അറിഞ്ഞത്.
തുടര്ന്ന് ബാങ്കില് അന്വേഷിച്ചപ്പോള് അന്ന് തന്നെ 78,000 മറ്റൊരു അക്കൗണ്ടിലേക്ക് ഗൂഗിള് പേ വഴി ട്രാന്സ്ഫര് ചെയ്തതായി ബാങ്ക് ജീവനക്കാര് അറിയിച്ചു. എന്നാല് താന് ആര്ക്കും ഈ ദിവസങ്ങളില് പണം അയച്ചിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത്.
രണ്ടു മാസം മുമ്പാണ് സംഭവമെങ്കിലും നാളിതുവരെയായിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് ഇയാള് വ്യാഴാഴ്ച തട്ടിപ്പിനെതിരെ മുനമ്പം പോലീസില് പരാതി നല്കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉണ്ടെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആരോപണം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ തള്ളി. ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം വിവാദമാക്കേണ്ട കാര്യമില്ല.
പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഷൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിലില്ല. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്.
അതിനുള്ള തിരുത്തൽ നടപടികൾ പാർട്ടി നേതൃത്വം കൃത്യമായി കൈക്കൊള്ളുമെന്നും ഷൈലജ പറഞ്ഞു. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കെ.കെ.രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
Kerala
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ പോലും അറിയിക്കാതെ ഇത്തരമൊരു ഓഹരി കൈമാറ്റം നടത്താൻ അദാനി ഗ്രൂപ്പിന് എവിടെ നിന്നാണ് ഇത്രയും ധൈര്യം ലഭിച്ചത്.
ഈ ഇടപാടിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മുൻകൂട്ടി ആലോചിച്ചുറപ്പിച്ച ഒരു കച്ചവടം പോലെയാണ് വിഴിഞ്ഞത്ത് കാര്യങ്ങൾ നടക്കുന്നത്. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണനയാണ് ലഭിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം പറയാതെ പറയുകയാണ്. വിഴിഞ്ഞം തുറമുഖം കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അദാനിയുടെ വക്താവാകുന്നതിന് പകരം സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ തയാറാകണം. ഈ കോർപറേറ്റ് നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും. ഓഹരി കൈമാറ്റങ്ങൾ പൂർണമായും സുതാര്യമായിരിക്കണമെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരെ കൃത്യമായി അറിയിക്കണമെന്നുമാണ് സെബിയുടെ കർശന നിർദേശം.
എന്നാൽ വിഴിഞ്ഞം ഇടപാടിൽ സെബിയെ പോലും വിവരങ്ങൾ അറിയിച്ചിട്ടില്ല. സർക്കാർ ഈ വിഷയത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതിനാലാണ് പ്രതിപക്ഷം നേരിട്ട് സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും കത്തയച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം, സര്ക്കാര് നിയമോപദേശം തേടും. വിദഗ്ധ പരിശോധനയ്ക്കും ചര്ച്ചകള്ക്കും ശേഷമായിരിക്കും ഓഹരിക്കൈമാറ്റകാര്യത്തില് അന്തിമ തീരുമാനമെടുക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള് വിദേശ കമ്പനിയായ എംഎസ് സി ക്ക് നല്കുന്ന വിഷയത്തില് അദാനിക്കെതിരെ കോണ്ഗ്രസിലെ ഒരു വിഭാഗം മുതിര്ന്ന നേതാക്കള് കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സര്ക്കാരിനെ ഇരുട്ടില് നിര്ത്തിക്കൊണ്ട് അദാനി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നുവെന്ന വിമര്ശനമാണ് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് ആരോപിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് അദാനി സൂപ്പര് പവറായി പെരുമാറുന്നത് പോലെ കേരളത്തില് അതിന് അനുവദിക്കില്ലെന്നും കടുത്ത നടപടി വേണമെന്നുമാണ് കെ.സി. വേണുഗോപാല് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില് അദാനിക്കെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് കോണ്ഗ്രസ് ഹൈക്കമാന്ഡും രാഹുല് ഗാന്ധിയും.
കേരളത്തില് അദാനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല് അത് ഹൈക്കമാന്ഡിന്റെ നിലപാടുകള്ക്ക് പ്രസക്തിയില്ലാതാക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് ഒരു വിഭാഗം മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് അഭിപ്രായപ്പെടുന്നുണ്ട്.
വിഴിഞ്ഞത്തെ അദാനിയുടെ ഓഹരികള് എംഎസ് സി ഗ്രൂപ്പിന് കൈമാറുന്നത് അനുവദിച്ചാല് ആഭ്യന്തര സുരക്ഷയെയും കേരളത്തിന്റെ താത്പ്പര്യത്തെയും ബാധിക്കുമെന്നും ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള്ക്ക് അഭിപ്രായമുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഓഹരി ക്കൈമാറ്റം സര്ക്കാരിനെ അറിയിച്ചിട്ടില്ലെന്നുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി.സതീശന് നിയമസഭയില് വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്ഡിന് ഉള്പ്പെടെ ഓഹരിക്കൈമാറ്റത്തിന്റെ കാര്യത്തില് വിയോജിപ്പ് നിലനില്ക്കുന്നതിനാലാണ് സര്ക്കാര് നിയമോപദേശം തേടുന്നത്. നിയമപരമായ തീരുമാനവും രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തില് ആവശ്യമായതിനാല് അന്തിമ തീരുമാനം വൈകാനാണ് സാധ്യത്.
ഓഹരിക്കൈമാറ്റത്തിന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്കിയ അപേക്ഷ മുഖ്യമന്ത്രി വി.ഡി.സതീശന് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവര് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്ട്ട് കൂടി സര്ക്കാര് പരിഗണിക്കും. ധനകാര്യവകുപ്പ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി ഉള്പ്പെടെയുള്ള ഉന്നത ഉദ്യോസ്ഥര് സമിതിയിലുണ്ട്.
അതേസമയം, അദാനിയുടെ ഓഹരിക്കൈമാറ്റം അനുവദിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം. സര്ക്കാര് അദാനിയുമായി ഒത്തുകളിയ്ക്കുന്നുവെന്ന വിമര്ശനം പ്രതിപക്ഷം ഉയര്ത്തിയിട്ടുണ്ട്. ഓഹരിക്കൈമാറ്റം സംബന്ധിച്ച് അദാനി ഗ്രൂപ്പ് സെബിയെ നേരത്തെ അറിയിച്ചിരുന്നുവെന്നതിന്റെ വിവരങ്ങള് പുറത്ത് വന്നിട്ടുണ്ട്.
സംസ്ഥാന സര്ക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് നടത്തുന്ന നടപടികള് അംഗീകരിച്ചാല് കേരളത്തിന്റെ താത്പര്യങ്ങള് ബലികഴിക്കപ്പെടുമെന്നാണ് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില് അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും സ്വീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: അനന്തരാവകാശികൾക്കു റേഷൻ കട ലൈസൻസ് കൈമാറാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.
ഈ മാസം 30നു സമയപരിധി കഴിയവേ, പലർക്കും ലൈസൻസ് മാറ്റിയെടുക്കാനായിട്ടില്ല. അതിനാൽ, സാവകാശം വേണമെന്നു വ്യാപാരികൾ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന്, വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കു മന്ത്രി നിർദേശം നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സമയപരിധി നീട്ടിയത്. നേരത്തേ, ലൈസൻസിയായി തുടരാനുള്ള പ്രായപരിധി 70 ൽ നിന്ന് 75 ആക്കിയിരുന്നു.
Kerala
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കവിഷയം ട്രൈബ്യൂണൽ തന്നെ വിശദമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകിയ ഡോ.വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റിരുന്നു.
പുതിയ ആൾ ചുമതലയേറ്റ സാഹചര്യം കൂടി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. റീനയ്ക്ക് പകരം നിയമിക്കപ്പെട്ടയാൾ കഴിഞ്ഞ 13ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധികച്ചുമതല ഏറ്റെടുത്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോടതി പറഞ്ഞു.
ഈ സാഹചര്യത്തിൽ 18ന് ട്രൈബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ഹൈക്കോടതി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാരിന്റെ നയങ്ങളെ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. താൻ ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ പിന്നിൽ നിന്ന് തുരപ്പൻ പണി നടത്തുന്ന ആരെയും കസേരയിൽ ഇരുത്തില്ല. ഭരണപരമായ കാര്യങ്ങളിൽ ഉടനടി തീരുമാനങ്ങൾ എടുക്കുന്നതാണ് തന്റെ ശൈലി.
അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായ നിയമവഴികളിലൂടെ മേൽക്കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
Kerala
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര് സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയതിനു സ്റ്റേയില്ല.
അവധി അപേക്ഷയുടെ പശ്ചാത്തലത്തില് സര്ക്കാര് നടപടിയെടുത്തതും ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിച്ചതുമടക്കം ചോദ്യം ചെയ്തു ഡോ. റീന സമര്പ്പിച്ച ഹർജി പരിഗണിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് (കെഎടി) ഇതിലെ സ്റ്റേ ആവശ്യം അനുവദിച്ചില്ല.
ഹർജിയില് സത്യവാങ്മൂലമായി വിശദീകരണം സമര്പ്പിക്കാന് സര്ക്കാരിന് നിര്ദേശവും നല്കി.
ഡോ. മീനാക്ഷി പുതിയ പദവി ഏറ്റെടുത്തതായും സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണു നിലവിലെ നിയമനമെന്നും സ്പെഷല് ഗവ. പ്ലീഡര് അറിയിച്ചു.
Kerala
കോഴിക്കോട്: വാഹനാപകടത്തില് കൈ വിരല് നഷ്ടമായ യുവാവിന് കാലിലെ വിരല് വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.
37കാരനായ യുവാവിനാണ് ആറുമാസങ്ങൾക്ക് മുൻപ് ഇടത് കൈവിരല് പൂര്ണമായും വേര്പ്പെട്ടത്. തുടര്ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല് വച്ചുപിടിപ്പിച്ചത്.
സെക്കന്റ് ടോ-ടു-തമ്പ് ട്രാന്സ്ഫര് സര്ജറിയിലൂടെയാണ് വിരല് വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്നിര്മാണ ചികിത്സയാണ് യുവാവിന് നല്കിയത്.
ആദ്യം ട്യൂബ്ഡ് ഗ്രോയിന് ഫ്ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്കുലാര് സെക്കന്ഡ് ടോ ട്രാന്സ്ഫര് മുഖേന വിരല് പുനസ്ഥാപിച്ചു.
ഈ ശസ്ത്രക്രിയയില് കൈയിലേക്ക് വിരല് മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള് പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന് ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള് തുടരുകയാണെന്നും ഡോക്ടര്മാര് അറിയിച്ചു.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി വിവാദത്തിൽ. പർച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിനു പിന്നാലെയാണ് സ്ഥലം മാറ്റമെന്നാണ് കാരണമായി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാനാവില്ലെന്ന് കത്തു നൽകിയതാണ് സ്ഥലം മാറ്റത്തിനു കാരണമെന്നാണ് മറ്റൊരു വാദം.
എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയത്. ആരോഗ്യ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പൂർണ ചുമതലയും നൽകി.
പകർച്ചവ്യാധി പടരുന്നതിനിടെ ഡോ. റീന 15 ദിവസത്തെ അവധിയെടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ ഡോ. റീന രംഗത്തെത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ രണ്ടര ദിവസത്തെ അവധിക്കു മാത്രമാണ് അപേക്ഷിച്ചതെന്നുമാണ് റീന വ്യക്തമാക്കുന്നത്.
മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിനോട് ആലോചിക്കാതെ ചില നടപടികൾ എടുത്തതിനാലുമാണ് സ്ഥലം മാറ്റമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ചാർജെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ചർച്ചയും നടത്താതെ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാൻ കഴിയില്ലെന്ന് കത്തു നൽകിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അത്തരത്തിൽ കത്ത് നൽകിയത്. അത് സർക്കാരിന്റെ ചുമതലയാണ്. അവർ ലീവിന് അപേക്ഷിച്ചതിൽ തെറ്റില്ല.
പക്ഷേ സർക്കാരിന്റെ സിസ്റ്റത്തോട് സഹകരിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അത് അംഗീകരിക്കില്ല. സ്ഥലംമാറ്റത്തെ വേണമെങ്കിൽ നടപടി എന്ന് വ്യാഖ്യാനിച്ചോളൂ എന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സർവീസിനുതന്നെ ആവശ്യമില്ലെങ്കിൽ അവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. ശബരിമലയിലേക്ക് ഡോക്ടർമാരെ നിയോഗിക്കുന്നതിൽ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ല.
പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡയറക്ടറും കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്തു നൽകിയയത്. ശബരിമലയിൽ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നൽകിയതെന്നും റീന കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ സ്ഥലംമാറ്റത്തിൽ പോലീസ് സേനയിൽ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി, തങ്ങളുടെ അതൃപ്തി ഐപിഎസ് ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ നേരിൽകണ്ട് അറിയിച്ചു.
ചട്ടം മറികടന്നുള്ള സ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതെന്നും അംഗീകരിക്കാനാകില്ലെന്നും ഐജിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ അറിയിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
കേഡർ പോസ്റ്റുകളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതിലും നിലവിൽ സ്ഥലം മാറ്റപ്പെട്ട മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പകരം നിയമനം നൽകാത്തതും ഡിജിപിയോട് വിവരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പദവി ഐജി റാങ്കിലുള്ളതാണ്.
നിലവിലെ കമ്മീഷണർ ഐജി റാങ്കിലെ ഉദ്യോഗസ്ഥനായ കെ. കാർത്തിക്കാണ്. കാർത്തിക്കിനെ മാറ്റി പകരം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് പുതിയ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച എ.പി. ഷൗക്കത്തലി ജൂനിയർ ഉദ്യോഗസ്ഥനാണ്. സീനിയർ ഉദ്യോഗസ്ഥയായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. എന്നാൽ ഡിഐജി ഗ്രേഡിൽ എത്തി നിൽക്കുന്ന ഉദ്യോഗസ്ഥയാണ് മെറിൻ. കൂടാതെ കോഴിക്കോട് സിറ്റി ഡിസിപിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ പുതിയ കമ്മീഷണറായി നിയമിച്ച ഷൗക്കത്തലിയേക്കാൾ സീനിയറാണ്.
വടക്കൻ ജില്ലയിൽ ഐജിയെ നിയമിക്കാത്തതിലുള്ള അനിഷ്ടവും വ്യക്തമാക്കിയിട്ടുണ്ട്. ഡിഐജിക്കാണ് റേഞ്ചിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഇതിലൊക്കെയുള്ള പൊരുത്തക്കേടുകൾ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് ധരിപ്പിച്ചു.
അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ചുമതല നൽകിയതിലെ അതൃപ്തിയും ഡിജിപിയെ അറിയിച്ചു. തിരുവനന്തപുരം, വയനാട് ഉൾപ്പെടെയുള്ള ജില്ലാ പോലീസ് മേധാവിമാർക്ക് പകരം നിയമനം നൽകാത്തതും മതിയായ സർവീസ് കാലാവധി നൽകാത്തതിലെ നീരസവും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പിഴവുകൾ പരിഹരിക്കാൻ നീക്കം
ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതികളും അതൃപ്തിയും തന്റെ നീരസവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ. ഹേമചന്ദ്രനെയും അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലവിലെ പിഴവുകൾ പരിഹരിച്ച് അടുത്ത ദിവസം പുതിയ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
Kerala
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു ഭൂമി കൈമാറ്റച്ചെലവ് മൂന്നിരട്ടി വരെ ഉയർന്നു. ഭൂമി കൈമാറ്റത്തിനായി സർക്കാരിലേക്കു നൽകേണ്ട തുക മാത്രം ഭൂമിയുടെ വിലയുടെ 10 ശതമാനമാണ്. മറ്റു ചെലവുകൾ വേറെയും.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുന്പോൾ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി സർക്കാരിലേക്ക് നൽകേണ്ടിയിരുന്നത് അഞ്ചു ശതമാനം തുക മാത്രമായിരുന്നു. ഇതാണ് പല ഘട്ടങ്ങളിലായി വർധിപ്പിച്ചത്.
ഭൂമിയുടെ ന്യായവില രണ്ടു തവണ ഉയർത്തി. കൂടാതെ ദേശീയ പാത, സംസ്ഥാന പാത, പൊതുമരാമത്ത് റോഡ്, പഞ്ചായത്ത് റോഡ്, ഇടവഴി എന്നിങ്ങനെയാക്കി പല സ്ലാബുകളാക്കി പുനഃക്രമീകരിച്ചു. ഇതോടെ ന്യായവിലയിൽ വീണ്ടും വർധനയുണ്ടായി. 2023ൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതു വഴി വീണ്ടും അഞ്ചു ശതമാനം അധിക തുക നൽകേണ്ട സാഹചര്യമായി.
ഭൂമി കൈമാറ്റത്തിലൂടെ 2016 കാലഘട്ടത്തിൽ 2500 കോടി രൂപയായിരുന്നു ഖജനാവിലേക്ക് എത്തിയിരുന്നതെങ്കിൽ 2021- 22 സാന്പത്തികവർഷം 4431 കോടിയായി ഉയർന്നു. ഇപ്പോഴത് 5300 കോടിയായി വർധിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഭൂമി കൈമാറ്റത്തിന്റെ അളവ് പൊതുവേ കുറഞ്ഞെങ്കിലും പലവിധത്തിലുള്ള വർധനകളിലൂടെ സർക്കാരിലേക്ക് എത്തേണ്ട തുകയിൽ വലിയ വർധന വരുത്താൻ സർക്കാരിനു കഴിഞ്ഞു.
അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമി കൈമാറ്റത്തിന് ചെലവേറെയാണ്. ഇവിടെ രജിസ്ട്രേഷൻ ഫീസിനത്തിൽ മാത്രം രണ്ടു ശതമാനം തുകയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ രജിസ്ട്രേഷൻ ഫീസായി ഒരു ശതമാനം തുക മാത്രമാണ് ഈടാക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിയായി കർണാടക രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഈടാക്കുന്പോൾ, കേരളം ഇത് എട്ട് ശതമാനമാണ് ഈടാക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി
ബി. അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
നിലവിൽ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. കില (KILA), ഐഎംജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിക്രമമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ സമിതിയെ നിയോഗിച്ചത്. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഒരു സമിതിക്ക് പകരം മറ്റൊരു സമിതി വരുന്നത് ഭരണപരമായ പ്രക്രിയയാണ്.
പദവി ഒഴിയുന്നത് സംബന്ധിച്ച് ആശയവിനിമയത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. പ്രേംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. പ്രവർത്തനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പറഞ്ഞു വിട്ടതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Kerala
പുല്പ്പള്ളി: വയനാട്ടിലെ പാടിച്ചിറ വില്ലേജില്പ്പെട്ട കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളിലെ റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതിനും വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന വയനാട് വൈല്ഡ് ലൈഫ് വാര്ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്. ഉത്തരവ് നിരുത്തരവാദപരവും പ്രതിഷേധാര്ഹവുമാണെന്ന് പാര്ട്ടി ഏരിയ കമ്മിറ്റി ആരോപിച്ചു.
കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളില് ജനവാസകേന്ദ്രങ്ങളോടു ചേര്ന്നുള്ള വനഭൂമി പതിറ്റാണ്ടുകള് മുമ്പ് അതിര്ത്തി തിരിച്ച് ജണ്ട കെട്ടിയതാണ്. കിടങ്ങനാട് വില്ലേജില് ഉള്പ്പെടുന്ന കുറിച്യാട് വനമേഖല പാടിച്ചിറ വില്ലേജിലേക്ക് കയറിക്കിടക്കുന്നുവെന്ന വനം വകുപ്പിന്റെ നിലപാട് തെറ്റിദ്ധാരണാജനകമാണ്. രണ്ട് വില്ലേജുകളുടെയും അംഗീകൃത അതിര് കന്നാരംപുഴയാണ്. പുഴ സംരക്ഷണത്തിന്റെ ഭാഗമായും കൈയേറ്റം ഉണ്ടാകാതിരിക്കാനും ജണ്ട കെട്ടിയിട്ടുണ്ട്.
2009ല് തീരദേശ റോഡ് നിര്മാണ ഘട്ടത്തിലും കുറിച്ച്യാട് വനം അധികൃതര് അനാവശ്യ വാദങ്ങളുമായി എത്തിയിരുന്നു. സര്ക്കാര് തലത്തില് വ്യക്തത വരുത്തിയതാടെയാണ് വനം വകുപ്പ് നിലപാട് തിരുത്തിയത്. പാടിച്ചിറ വില്ലേജില് റീസര്വേ ഏറെക്കുറെ പൂര്ത്തിയായതാണ്. പുതിയ അവകാശവാദമുയര്ത്തി ജനങ്ങളില് ഭീതി പടര്ത്താനുള്ള ശ്രമം ദുരൂഹമാണ്.
തെറ്റായ കാര്യങ്ങള് പ്രചരിപ്പിക്കുകയും ജനങ്ങളെ ആശങ്കയിലാക്കുകയും ചെയ്യുന്ന നടപടികളില്നിന്നു ബന്ധപ്പെട്ടവര് പിന്വാങ്ങണം. വൈല്ഡ് ലൈഫ് വാര്ഡന് ഉത്തരവും സബ് റജിസ്ട്രാര്ക്ക് നല്കിയ കത്തും പിന്വലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലം മാറ്റി. റവന്യൂ ഓഫീസർ പദവിയിൽ നിന്നും കൗൺസിൽ സെക്രട്ടറി തസ്തികയിലേക്കാണ് ഇവരെ മാറ്റിയത്.
ബിജെപി ഭരിക്കുന്ന നഗരസഭ സ്വന്തം പാർട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ഭരണസമിതിക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് മേയർ വി.വി. രാജേഷിന്റെ ഇടപെടലിലൂടെ സ്ഥലം മാറ്റം ഉണ്ടായത്.
ഒരു സർക്കാർ ഉദ്യോഗസ്ഥയെ ജില്ലയ്ക്ക് പുറത്തേക്കോ മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്കോ മാറ്റാൻ മേയർക്ക് നേരിട്ട് അധികാരമില്ലെങ്കിലും, കോർപ്പറേഷനുള്ളിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ പുനർനിർണ്ണയിക്കാൻ മേയർക്ക് ഭരണപരമായ അധികാരമുണ്ട്.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം, നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരുടെ വകുപ്പുകൾ മാറ്റാനോ അവർക്ക് പുതിയ ചുമതലകൾ നൽകാനോ മേയർക്ക് കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിക്കാം.
ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ കൗൺസിലിന് അതൃപ്തിയുണ്ടെങ്കിൽ അവരെ നിലവിലെ ചുമതലയിൽ നിന്ന് നീക്കാൻ മേയർക്ക് ഭരണപരമായ വിവേചനാധികാരം ഉപയോഗിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് ജി. ഷൈനിയെ റവന്യൂ വിഭാഗത്തിൽ നിന്നും മാറ്റിയത്. ജി. ഷൈനിയെ കൂടാതെ മറ്റ് ചില ഉദ്യോഗസ്ഥർക്കും വകുപ്പ് മാറ്റം നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി.
കെഎസ്ഇബി ലൈൻമാനായ കാരശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലുക്മാനുൽ ഹക്കീം എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ ചിത്രീകരിച്ചിരുന്നു.
തുടർന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സുഹൃത്തുക്കൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ലുക്മാനുൽ ഹക്കീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ലുക്മാനുൽ ഹക്കീമിനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാരന്റെ ഹർജി. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Business
തൃശൂർ: കെഎസ്എഫ്ഇയുടെ 2024-25 സാന്പത്തികവർഷത്തെ ഡിവിഡന്റ് തുകയായ 70 കോടി രൂപയുടെ ചെക്ക് ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിനു കൈമാറി. കൃഷിമന്ത്രി പി. പ്രസാദും ചടങ്ങിൽ സന്നിഹിതനായി.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ബോർഡ് മെംബർമാരായ ഡോ. കെ. ശശികുമാർ, ബി.എസ്. പ്രീത (ധനവകുപ്പ് അഡീഷണൽ സെക്രട്ടറി), കെ. മനോജ് (നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി), ധനകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. ഷൈജൻ , കെഎസ്എഫ്ഇ ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, കന്പനി സെക്രട്ടറി എമിൽ അലക്സ്, സംഘടനാനേതാക്കളായ കെ.ബി. സൽജബീൽ, വി.എൽ. പ്രദീപ്, എസ്. സുശീലൻ, എസ്. വിനോദ് എന്നിവർ പങ്കെടുത്തു.
നടപ്പുസാന്പത്തികവർഷം ഡിവിഡന്റ്, ഗ്യാരണ്ടി കമ്മീഷൻ ഇനങ്ങളിലായി റിക്കാർഡ് തുകയായ 235 കോടി രൂപയാണ് കെഎസ്എഫ്ഇ സർക്കാരിനു കൈമാറിയത്. കന്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തിയിട്ടുണ്ട്.
നടപ്പുസാന്പത്തികവർഷത്തിൽ ഇതുവരെ ആകെ ബിസിനസ് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയായി. സ്വർണപ്പണയ വായ്പ 13,000 കോടി രൂപ കടന്നിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് മാറ്റം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ്. ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റം. പ്രിൻസിപ്പാൾ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്.
അനിൽകുമാറിന്റെ അഭ്യർഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവിൽ സൂചിപ്പിക്കുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി അനിൽകുമാർ സസ്പെൻഷനിൽ തുടരുകയായിരുന്നു.
സസ്പെൻഷൻ ഗവർണർ ഉൾപ്പടെ ശരിവെച്ചതിന് പിന്നാലെ അനിൽകുമാർ സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളജിലേക്ക് പ്രിൻസിപ്പാളായി മാറ്റം നൽകിയത്.
District News
ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്പെഷ്യല് ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയില് നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്.
നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന് തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്ദേശിച്ച് 2016 ല് എസ്പി ഹരിശങ്കര് റിപ്പോർട്ടും നൽകിയിരുന്നു.
Kerala
കൊല്ലം: ഗതാഗത മന്ത്രിയുടെ ഗണേഷ് കുമാര് നടത്തിയ മിന്നല് പരിശോധന നടത്തിയ കെഎസ്ആര്ടിസി ബസിലെ ഡ്രൈവര്ക്ക് സ്ഥലംമാറ്റം. ഡ്രൈവര് ജെയ്മോന് ജോസഫിനെ തൃശൂര് പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്.
ബസിന് മുന്നില് പ്ലാസ്റ്റിക് കുപ്പികള് കൂട്ടിയിട്ടെന്ന സംഭവത്തില് മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി. കൊല്ലം ആയൂരില് വച്ചായിരുന്നു ബസ് തടഞ്ഞു നിര്ത്തി കെ.ബി. ഗണേഷ് കുമാര് ജീവനക്കാരെ ശാസിച്ചത്.
കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര് ബസിലെ ജീവനക്കാരോട് ആയിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ബസുകള് വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് കുപ്പികള് കൂട്ടിയിടരുത് എന്നും എംഡിയുടെ നോട്ടീസ് ഉണ്ടായിട്ടും ബസ് വൃത്തിയായി സൂക്ഷിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം.
രാവിലെ വണ്ടിയില് കയറി സ്റ്റാര്ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില് നിന്നും ബസിനെ പിന്തുടര്ന്ന് തടയുകയായിരുന്നു.
വീഴ്ച വരുത്തിയ ജീവനക്കാര്ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില് വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.