തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി വിവാദത്തിൽ. പർച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിനു പിന്നാലെയാണ് സ്ഥലം മാറ്റമെന്നാണ് കാരണമായി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാനാവില്ലെന്ന് കത്തു നൽകിയതാണ് സ്ഥലം മാറ്റത്തിനു കാരണമെന്നാണ് മറ്റൊരു വാദം.
എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയത്. ആരോഗ്യ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പൂർണ ചുമതലയും നൽകി.
പകർച്ചവ്യാധി പടരുന്നതിനിടെ ഡോ. റീന 15 ദിവസത്തെ അവധിയെടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ ഡോ. റീന രംഗത്തെത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ രണ്ടര ദിവസത്തെ അവധിക്കു മാത്രമാണ് അപേക്ഷിച്ചതെന്നുമാണ് റീന വ്യക്തമാക്കുന്നത്.
മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിനോട് ആലോചിക്കാതെ ചില നടപടികൾ എടുത്തതിനാലുമാണ് സ്ഥലം മാറ്റമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ചാർജെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ചർച്ചയും നടത്താതെ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാൻ കഴിയില്ലെന്ന് കത്തു നൽകിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അത്തരത്തിൽ കത്ത് നൽകിയത്. അത് സർക്കാരിന്റെ ചുമതലയാണ്. അവർ ലീവിന് അപേക്ഷിച്ചതിൽ തെറ്റില്ല.
പക്ഷേ സർക്കാരിന്റെ സിസ്റ്റത്തോട് സഹകരിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അത് അംഗീകരിക്കില്ല. സ്ഥലംമാറ്റത്തെ വേണമെങ്കിൽ നടപടി എന്ന് വ്യാഖ്യാനിച്ചോളൂ എന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സർവീസിനുതന്നെ ആവശ്യമില്ലെങ്കിൽ അവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. ശബരിമലയിലേക്ക് ഡോക്ടർമാരെ നിയോഗിക്കുന്നതിൽ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ല.
പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡയറക്ടറും കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്തു നൽകിയയത്. ശബരിമലയിൽ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നൽകിയതെന്നും റീന കൂട്ടിച്ചേർത്തു.
Tags : Health Department Director Health Minister transfer explains