അബുജ: നൈജീരിയയിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 41 ക്രൈസ്തവർ കൊല്ലപ്പെട്ട സംഭവത്തിൽ നാലു ഭീകരർക്ക് കോടതി വധശിക്ഷ വിധിച്ചു.
2022 ജൂൺ അഞ്ചിന് പന്തക്കുസ്താ തിരുനാൾ ദിവസം തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ തലസ്ഥാനമായ അബുജയിലെ ഫെഡറൽ കോടതിയാണു ശിക്ഷ വിധിച്ചത്.
ഇദ്രിസ് അബ്ദുൾമാലിക് ഒമെയ്സ, അൽ ഖ്വാസിം ഇദ്രിസ്, ജാമിയു അബ്ദുൾ മാലിക്, അബ്ദുൾഹലീം ഇദ്രിസ് എന്നിവർക്കാണു വധശിക്ഷ.
സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. ഭീകരാക്രമണം നടത്താൻ സാന്പത്തികസഹായം ലഭ്യമാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണത്തിൽ കുട്ടികളടക്കം 41 പേർ കൊല്ലപ്പെട്ടതിനു പുറമെ നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.