ടെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങൾ. യുഎസുമായുള്ള സമാധാന കരാർ സംബന്ധിച്ച് അർത്ഥ വ്യക്തതയില്ലാത്ത പോസ്റ്റുകൾ കൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തി എന്നാണ് വിമർശനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാനെ കുറ്റപ്പെടുത്താൻ അവസരം നൽകി. ട്രംപിന്റെ നിലപാടുകൾക്ക് ഒപ്പം നിൽക്കാനാണോ ശ്രമം എന്ന് ചോദ്യവും ഇറാനിലെ മാധ്യമങ്ങൾ ഉന്നയിക്കുന്നു.
അതേസമയം സുപ്രീം നാഷണൽ കൗൺസിൽ മേൽനോട്ടത്തിലാണ് കരാർ എന്നാണ് അരഗ്ചിയുടെ മറുപടി. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ അമേരിക്കയും ഇറാനും കരാറിലേക്ക് അടുക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തിയിരുന്നു. മുൻപൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന് അരഗ്ചി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഇസ്ലാമാബാദിലുണ്ടായ ധാരണ അതിന്റെ പൂർത്തീകരണത്തോട് എക്കാലത്തെക്കാളും ഏറെ അടുത്തുനിൽക്കുകയാണ് എന്നാണ് അരഗ്ചി വ്യക്തമാക്കിയത്.
ഇറാനിലെ ചില മാധ്യമങ്ങളിൽ കരാറിന്റെ വിശദാംശങ്ങൾ എന്ന പേരിൽ ചില വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രതികരണം. കരാർ അന്തിമ രൂപത്തിൽ ആകുന്നതുവരെ മാധ്യമങ്ങൾ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇറാന് ഉത്തരവാദിത്തത്തോടെയുള്ള സുതാര്യമായ സമീപനമാണുള്ളതെന്നും കരാറിന്റെ എല്ലാ വിവരങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കുവയ്ക്കുമെന്നും അരഗ്ചി കൂട്ടിച്ചേർത്തു.