കൊച്ചി: ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങൾ സൗജന്യമായി കാണാമെന്നു വാഗ്ദാനം ചെയ്ത് സൈബർതട്ടിപ്പ്. വ്യാജ ടിവി ആപ്പുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളിലൂടെ സംസ്ഥാനത്തുനിന്നു കഴിഞ്ഞ 11 ദിവസത്തിനകം 24 ലക്ഷം രൂപ തട്ടിയെടുത്തതായാണു സൈബര്‍ ക്രൈം പോലീസിന്റെ കണ്ടെത്തൽ.
ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ടു സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ഈ സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് കേരളത്തില്‍ 60 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. പല ജില്ലകളിലും ആറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശവും നല്കി.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, വാട്സ് ആപ്, യുട്യൂബ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന എച്ച്ഇസഡ് ടിവി, ഓപ്പണ്‍ ടിവി, എന്‍ബി ടിവി, മാക്സ് ടിവി, എക്സ് എം ടിവി, ടുബി ടിവി തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ആപ്ലിക്കേഷനുകള്പോലെതന്നെ തോന്നിക്കുന്ന വ്യാജ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചാണു തട്ടിപ്പ്.
ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മൊബൈല്‍ ഫോണിന്റെ സുരക്ഷാസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തുകയോ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാര്‍ പ്രവേശനം നേടുകയോ ചെയ്യും. ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും തട്ടിപ്പുകാര്‍ കൈവശപ്പെടുത്തി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി പണം തട്ടും.
തട്ടിപ്പുരീതി
ഫിഫ വേള്‍ഡ് കപ്പ് ലൈവ് ഫ്രീ, 1000+ ടിവി ചാനലുകള്‍ സൗജന്യം, പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ, പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കും. പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എപികെ ഫയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.
Update Required, Activate Subscription, Enable Service തുടങ്ങിയ സന്ദേശങ്ങള്‍ സജീവമാക്കാന്‍ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibiltiy Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടുന്നു. തുടര്‍ന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബാങ്കിംഗ് യുപിഐ ആപ്ലിക്കേഷനുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തും.
ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്സ്റ്റോര് പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍നിന്നു മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് സൈബർ ക്രൈം പോലീസ് നൽകുന്ന മുന്നറിയിപ്പ്.
Tags : Cyber Fraud World Cup