ജനീവ: ഒമാൻതീരത്ത് എണ്ണക്കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് രംഗത്ത്.
യുഎൻ വക്താവ് സ്റ്റെഫാൻ സുജാറിക്കാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയാണ് എംടി സെറ്റബെല്ലോ എന്ന് ചരക്കുകപ്പലിനു നേരേയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്.
ആക്രമണത്തെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ നിലപാടിനെ യുഎൻ സെക്രട്ടറി ജനറലും പൂർണമായി പിന്തുണയ്ക്കുകയാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ സുജാറിക് വ്യക്തമാക്കി.
നാവികരുടെ ജീവനും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ഭീഷണിയാകുന്ന ഇത്തരം നടപടികൾ ഒരിക്കവും അംഗീകരിക്കാനാവില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസ് പറഞ്ഞു.
നാവികരുടെ സംരക്ഷണവും സമുദ്രപാതയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യവും എപ്പോഴും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : UN condemns Indian sailors US attack