വാഷിംഗ്ടൺ ഡിസി: ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നു. ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്നും ഈയാഴ്ച അവസാനം യൂറോപ്പിൽവച്ച് സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
യൂറോപ്പിൽ നടക്കുന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ജോർജിയ ഗവർണർസ്ഥാനത്തേക്കു മത്സരിക്കുന്ന ബർട്ട് ജോൺസിനുവേണ്ടി നടത്തിയ ടെലി റാലിയിലാണ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചത്. “ഇറാനുമായുള്ള യുദ്ധം ഞങ്ങൾ അവസാനിപ്പിച്ചു. അണ്വായുധം ഉണ്ടാക്കില്ലെന്ന് അവർ സമ്മതിച്ചു.
സമാധാന കരാറിന് അന്തിമരൂപമാകുന്പോൾ ഹോർമുസ് കടലിടുക്ക് തുറക്കും”- ട്രംപ് പറഞ്ഞു. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹറിൻ, കുവൈറ്റ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില ബാരലിന് 89 ഡോളറായി താഴ്ന്നു.
അതേസമയം, യുഎസ്-ഇറാൻ ചർച്ച സംബന്ധിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറിവുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. യുഎസ് മാധ്യമമായ ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധത്തിന്റെ തുടക്കത്തിൽ ഒറ്റക്കെട്ടായി നീങ്ങിയ ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും ഇപ്പോൾ കടുത്ത ഭിന്നതയിലാണ്.
ലബനനിലെ ആക്രമണം ഇസ്രയേൽ തുടരുന്നതിൽ ട്രംപിന് കടുത്ത രോഷമുണ്ട്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ, ഇറാനെയും ഹിസ്ബുള്ളയെയും പൂർണമായി തകർക്കുകയെന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്.
ഇറാനെ അതികഠിനമായി പ്രഹരിക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കി മണിക്കൂറുകൾക്കകമാണ് സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ആക്രമണം ഉപേക്ഷിച്ചെന്നും ട്രംപ് അറിയിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ രൂക്ഷപോരാട്ടം നടന്നിരുന്നു.
യുഎസുമായുള്ള കരാറിന്റെ തൊട്ടടുത്തെത്തിയെന്ന് ഇറേനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ അറിയിച്ചു. ഇറാൻ സന്പുഷ്ടീകരിച്ച യൂറേനിയം നീക്കം ചെയ്യും, ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കും, ഹോർമുസ് കടലിടുക്ക് തുറക്കും, ഇറാന്റെ ആസ്തികള്‍ വിട്ടുനൽകും, ഉപരോധം ഘട്ടംഘട്ടമായി നീക്കും തുടങ്ങിയവ കരാറിലുണ്ടെന്നാണു വിവരം.
ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ആദ്യദിനത്തിലെ ആക്രമണത്തില്‍ത്തന്നെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ഉള്‍പ്പെടെ ഇറാന്റെ നേതൃനിരയൊന്നാകെ കൊല്ലപ്പെട്ടു. ഏപ്രിലില്‍ വെടിനിര്‍ത്തലിനു ധാരണയായെങ്കിലും ഇടയ്ക്കിടെ ഇറാനും യുഎസും പരസ്പരം ആക്രമണം നടത്തിയിരുന്നു.
Tags : Trump war Iran peace deal signed