കൊച്ചി: കംബോഡിയയിലെ സൈബർതട്ടിപ്പ് റാക്കറ്റുകൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അവിടെനിന്നു നാടുകടത്തിയ 12 മലയാളികളുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാൻ കംബോഡിയയിലേക്കു കടത്തിയ 12 മലയാളികളെ തിരിച്ചറിഞ്ഞിച്ചിട്ടുണ്ട്.
പാസ്പോർട്ട് പിടിച്ചുവച്ചശേഷമാണ് ഇവരെ റോഡ് മാർഗം തായ്ലൻഡിൽനിന്ന് കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകൾ ഇല്ലാത്തതിനാൽ കംബോഡിയയിൽനിന്നു 12 പേരെയും നാടുകടത്തിയിരുന്നു.
വിവിധ ജില്ലകളിലുള്ള ഇവരിൽനിന്നു മൊഴിയെടുത്ത് മനുഷ്യക്കടത്തിനു കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തുടർന്ന് എസിപിയുടെ നേതൃത്വത്തിൽ വിശദ അന്വേഷണ റിപ്പോർട്ട് ഡിജിപിക്കു കൈമാറും.
കേസിൽ കൂടുതൽ അന്വേഷണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗസംഘം രൂപീകരിച്ചു. അതിനിടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലഭിച്ച അബ്ദുറഹ്മാനെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
Tags : Operation Cambodia Statement Police