ചായക്കടയിലേക്ക് ഇടിച്ചുകയറിയ ബസ്.
പുതുക്കാട് (തൃശൂർ): മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്കു നടന്നുപോയ യുവതി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്‍റെ ഭാര്യ സിന്ധു(48)വാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുതുക്കാട് സെന്‍ററിലായിരുന്നു അപകടം. ചാലക്കുടിക്കു പോവുകയായിരുന്ന പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽനിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവർക്കു തലക്കറക്കം അനുഭവപ്പെട്ടെന്നു പറയുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്തു കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിന്‍റെ തലയിലൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നതു കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്ന ആൾക്ക് ഓടിമാറുന്നതിനിടെ വീണു പരിക്കേറ്റു.
ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടർന്ന് സീജി റോഡിനു സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്കു പോയത്.
സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്കു സമീപത്തുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്. പുതുക്കാട് സ്റ്റാൻഡിൽ നിന്നെടുത്ത ബസായതുകൊണ്ട് ഒരു യാത്രക്കാരി മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെ പാഞ്ഞാണ് ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
Tags : BusAccident Death KSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines