മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ നെയ്യ്
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും മണി വ്യക്തമാക്കി.
മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, മറിച്ച് പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ലാബിൽ പരിശോധിച്ച ശേഷം ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും അമിതലാഭത്തിനു വേണ്ടി മിൽമ കൃത്രിമം കാണിക്കാറില്ലെന്നും കെ.എസ്. മണി വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാരാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ടെന്നും, മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാർത്തകൾ വലിയ തോതിൽ പ്രചരിച്ചിട്ടും ആരും തന്നോട് ഔദ്യോഗികമായി കാര്യം തിരക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചെയർമാൻ, ഈ വിവാദങ്ങൾക്ക് ശേഷവും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അറിയിച്ചു.
പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോകുംവഴിയാണ് നെയ്യ് മാറ്റിയതെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതല്ലേ എന്ന് ചോദിച്ച അദ്ദേഹം, കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ശബരിമല അധികൃതർ മിൽമയെ സമയബന്ധിതമായി അറിയിച്ചില്ലെന്നും ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എംഡിയുടെ മറുപടി ലഭിച്ച ശേഷം സംഭവത്തിൽ ആഭ്യന്തര അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Sabarimala ghee distribution No adulteration milma products milma chairman ks mani