ലണ്ടൻ: ലോകപ്രശസ്ത ബ്രിട്ടീഷ് ചിത്രകാരൻ ഡേവിഡ് ഹോക്നി (88) അന്തരിച്ചു. ആറു പതിറ്റാണ്ടു നീണ്ട കരിയറിനിടെ ചിത്രകലാരംഗത്ത് ഒട്ടേറെ വിപ്ലവാത്മക പരീക്ഷണങ്ങൾ നടത്തിയിരുന്നു.
1937ൽ ബ്രാഡ്ഫോർഡിൽ ജനിച്ച ഹോക്നി ബ്രാഡ്ഫോർഡ് കോളജിലും ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ടിലുമാണ് കലാപഠനം പൂർത്തിയാക്കിയത്. അറുപതുകളിൽ അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്കു കുടിയേറി.
പോപ് ആർട്ടിനു പ്രചാരമുണ്ടായിരുന്ന കാലത്ത് നിറങ്ങളും വീക്ഷണകോണും (പേഴ്സ്പെക്റ്റീവ്) സംബന്ധിച്ച് ചിത്രകലാ രംഗത്തു നിലനിന്നിരുന്ന പരന്പരാഗത രീതികൾ അട്ടിമറിക്കുന്ന കലാസൃഷ്ടികൾ ഹോക്നിയിൽനിന്നു പുറത്തുവന്നു. ഫോട്ടോഗ്രഫിയിൽ അഭിനിവേശം കയറിയ അദ്ദേഹം ഫോട്ടോഗ്രാഫുകൾ കൂട്ടിച്ചേർത്ത് ഫോട്ടോകൊളാഷുകളും സൃഷ്ടിക്കാൻ തുടങ്ങി.
2005ലാണ് ബ്രിട്ടനിലേക്കു മടങ്ങിയത്. പോർട്രെയ്റ്റുകളും ഒട്ടേറെ പാനലുകളിൽ തീർക്കുന്ന പ്രകൃതിദൃശ്യങ്ങളും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ആധുനിക സാങ്കേതികവിദ്യകളെ അംഗീകരിച്ചിരുന്ന ഹോക്നി ഐഫോണിലും ചിത്രങ്ങൾ വരച്ചിരുന്നു.
ബ്രിട്ടീഷ് രാജകുടുംബം പലവട്ടം നൈറ്റ് പദവി നല്കി ആദരിക്കാൻ ശ്രമിച്ചെങ്കിലും ഹോക്നി നിരസിച്ചുവെന്നാണു റിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ പോർട്രെയ്റ്റ് വരയ്ക്കാനുള്ള ക്ഷണവും അദ്ദേഹം തള്ളിക്കളഞ്ഞു.
Tags : David Hockney passed away