ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മൂന്നാം നിലയിൽ താമസിച്ചിരുന്ന പങ്കജ് (28), അമ്മ ഗുഡ്ഡി (50), പങ്കജിന്റെ സഹോദരി സോണി (20) എന്നിവരാണ് മരിച്ചത്.
പങ്കജിന്റെ മറ്റൊരു സഹോദരിയായ മോനി (18), 70 വയസുകാരിയായ അമ്മൂമ്മ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലുമായി പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 2.31നാണ് തീപിടിത്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന ആറ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയും, തുടർന്നുണ്ടായ പുക കെട്ടിടത്തിലുടനീളം അതിവേഗം വ്യാപിക്കുകയുമായിരുന്നു.
കെട്ടിടത്തിൽ ഒൻപത് കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും, പലരും അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അഗ്നിരക്ഷാസേനയും പോലീസും എത്തുന്നതിന് മുൻപ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിൽ കുടുങ്ങിയ എട്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകളിൽ നിന്ന് മരപ്പലകകൾ ഇട്ടും, ജനൽ കന്പികൾ അറുത്തുമാറ്റിയും, സാരികളും കയറുകളും കെട്ടിയുമാണ് പലരെയും താഴെയിറക്കിയത്. എന്നാൽ, ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ മുകളിലേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടത് മരണസംഖ്യ ഉയരാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.
ചട്ടം ലംഘിച്ചാണോ കെട്ടിടം നിർമിച്ചതെന്ന് പരിശോധിക്കുമെന്നും ഫോറൻസിക് പരിശോധനയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Tags : Delhi building fire Three killed