അര്ജുന് ആയങ്കി
തിരുവനന്തപുരം: അർജുൻ ആയങ്കി പോലീസിനെ വട്ടം കറക്കിയിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. അർജുനെയാണ് പോലീസ് വട്ടം കറക്കിയത്. പോലീസിനെ വെല്ലുവിളിച്ചെന്നത് അർജുന്റെ തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെയാണ്. രണ്ടിനെയും വേർതിരിക്കാനാവില്ല. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതാണ് പോലീസ്.
പോലീസിനെ വെല്ലുവിളിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുകയാണ്. ഇത്തരത്തിൽ വെല്ലുവിളിക്കുന്നവരെ അനൂകൂലിച്ച് സോഷ്യൽ മീഡിയയില്‍ കമന്റിടുകയും ലൈക്കടിക്കുകയും ചെയ്യുന്ന ആളുകളെയും കണ്ടെത്തും. അർജുൻ സ്ഥലങ്ങൾ മാറി മാറി നടക്കുകയായിരുന്നു. അയാൾ പോകുന്നിടത്തെല്ലാം പോലീസുമുണ്ടായിരുന്നു.
ഇയാളെ പിടിക്കണണമെന്നും മനുഷ്യാവകാശ ലംഘനമോ നിയമപരമല്ലാത്ത രീതിയോ ഉണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ രാത്രി രണ്ടോടെ അർജുൻ പിടിയിലായതോടെയാണ് മാരത്തോണിന്റെ ഒരു ഘട്ടം കഴിഞ്ഞത്.
ഗുണ്ടകൾക്കെതിരേയുള്ള ഓപറേഷൻ ഗ്രിപ്പ് എന്ന പദ്ധതിയുണ്ട്. അത് തുടർച്ചയായി പോകും. ഈ ആയങ്കിയല്ല ഒരു ആയങ്കിയും സമൂഹത്തെ വെല്ലുവിളിക്കുന്ന രീതിയിൽ ഉണ്ടാകരുത്. പോലീസിനെ വെല്ലുവിളിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കമന്റിടുകയും ലൈക്കടിക്കുകയും ചെയ്യുന്നവർക്ക് പിന്നാലെയും പോലീസെത്തുമെന്ന് എഡിജിപി പറഞ്ഞു.
Tags : ADGP ArjunAyanki Police Deepika DeepikaNewspaper BreakingNews NewsUpdate