വിജയമ്മ, ശാന്ത
പൂന്തുറ: തിരുവല്ലം ബൈപാസില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ബൈക്കിടിച്ച് വയോധികരായ സഹോദരിമാര്‍ക്ക് ദാരുണ അന്ത്യം. തിരുവല്ലം ഇടയാര്‍ പുതുവയല്‍ വീട്ടില്‍ ശാന്ത (72) , വിജയമ്മ (63) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ തിരുവല്ലം പാലത്തിന് സമീപം കരിമ്പുവിള ജംഗ്ഷനിലാണ് അപകടം. തിരുവല്ലത്തുളള സര്‍വീസ് റോഡില്‍ നിന്നും കയറി ഇരുവരും കൈകള്‍ പരസ്പരം പിടിച്ച് ബൈപാസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ കോവളം ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ രാവിലെ നാഗര്കോവിലിലുളള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി പോവുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
ബാബുവാണ് മരണപ്പെട്ട ശാന്തയുടെ ഭര്‍ത്താവ്. മക്കള്‍: ഇന്ദുലേഖ , അനില്‍കുമാര്‍ , ചിത്ര. ശശിയാണ് വിജയമ്മയുടെ ഭര്‍ത്താവ്. സാബു ഏക മകനാണ്.
മൃതദേഹങ്ങള്‍ പൂന്തുറ പൊലീസിന്റെ നടപടികള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടം വരുത്തിയ ബൈക്കും ഓടിച്ച ആളെയും പൂന്തുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
Tags : CrossingRoad SistersDie HitbyBike Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash