കോഴിക്കോട്: നിപ രോഗബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മേയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണു പുറത്തുവിട്ടിരിക്കുന്നത്. രോഗബാധിതനായ 48കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയില്‍ ഐസിയുവിൽ ചികിത്സയിലാണ്.
77 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടികയാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. ഇതില്‍ 58 ആരോഗ്യ പ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും അഞ്ചു സുഹൃത്തുക്കളും ഉൾപ്പെടുന്നു.
ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടു പേര് ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേര് ഹൈ റിസ്ക് വിഭാഗത്തിലും 62 പേര് ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്.
നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട് ബാങ്ക് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലെ അനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ട് ഓഫീസിലാണ് കണ്ട്രോള് റൂം ഒരുക്കിയിരിക്കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍, വവ്വാലുകളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങള്‍ കണ്ട്രോള് റൂം നമ്പറായ 0495-2762050ല്‍ അറിയിക്കാം.
Tags : Nipah: Route Map Ramanattukara