കൊച്ചി: കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലെ അഭിമാനകരമായ പുത്തൻ അധ്യായത്തിലേക്ക് കെഎസ്ആർടിസി ബസുകൾ നാളെ ഓടിക്കയറും. സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കു ഡബിൾ ബെൽ മുഴങ്ങുന്പോൾ വളയം പിടിക്കാനുമുണ്ടൊരു പെൺകരുത്ത്.
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സർവീസിന് ഡ്രൈവിംഗ് സീറ്റിലിരിക്കാനുള്ള നിയോഗം പെരുന്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ വി.പി. ഷീലയ്ക്കാണ്. നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്പാനൂർ ബസ് ടെർമിനലിൽ പച്ചക്കൊടി വീശുന്ന ചരിത്രയാത്രയ്ക്കു സാരഥിയാകാനായതിന്റെ ആഹ്ലാദത്തിലാണ് ഈ 53കാരി.
13 വർഷമായി കെഎസ്ആർടിസി ഡ്രൈവറാണ് ഷീല. സർവീസിലുള്ളവരിൽ സ്ഥിരനിയമനത്തിലുള്ള വനിതാഡ്രൈവർ ഷീല മാത്രം. പരിചയസന്പന്നയായ വനിതാ ഡ്രൈവർ എന്നതു പരിഗണിച്ചാണ് ഷീലയെ തേടി കെഎസ്ആർടിസി ആസ്ഥാനത്തുനിന്ന് ചരിത്രയാത്രയ്ക്കുള്ള നിയോഗമെത്തിയത്.
നാളത്തെ സർവീസിൽ കണ്ടക്ടറും വനിത തന്നെ. രാവിലെ 8.30ന് തിരുവനന്തപുരത്ത് ഉദ്ഘാടനസർവീസിന് പച്ചക്കൊടി വീശിയാലുടൻ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകൾക്കുള്ള സൗജന്യയാത്രാ സേവനം ആരംഭിക്കും.
കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റിൽ വരെ ഷീല വളയം പിടിച്ചിട്ടുണ്ട്. ചാലക്കുടി-കുറ്റ്യാടി റൂട്ടായിരുന്നു ഇതുവരെയുള്ളതിൽ ദീർഘദൂര സർവീസ്.
കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ ഷീല 11 വർഷം ഡ്രൈവിംഗ് സ്കൂളിൽ പരിശീലകയായിരുന്നു. ഡ്രൈവിംഗ് ജോലിയിൽ സ്ത്രീ എന്ന നിലയിൽ ഒരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ആത്മാഭിമാനത്തോടെയാണു ഡ്രൈവർ ജോലി ചെയ്യുന്നതെന്ന് ഷീല പറഞ്ഞു.
അമ്മ കുട്ടിപാപ്പുവിനൊപ്പം താമസിക്കുന്ന ഷീല ചരിത്രയാത്രയുടെ സാരഥിയാകാൻ ഇന്നു തലസ്ഥാനത്തെത്തും.
Tags : KSRTC Sheila historic journey Double bell women's free journey