കായ്ക്കുരു രാഗേഷ്, ജുഗൽ
കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ രണ്ട് പേർ കൂടി പിടിയിൽ. അന്തിക്കാട് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടിൽ രാഗേഷ് (കായ്ക്കുരു രാഗേഷ് 42), വാടാനപ്പള്ളി ഗണേശ മംഗലം മേപ്പറമ്പിൽ വീട്ടിൽ ജുഗൽ ( 21 ) എന്നിവരാണ് പിടിയിലായത്.
അങ്കമാലി പോലീസ് ഇവരെ പിടികൂടിയത്. അറുപതോളം കേസുകളിലെ പ്രതിയാണ് രാഗേഷ്. ഹൈവേ കൊള്ള കേസിൽ കർണാടകയിലെ ജയിലിൽനിന്നും കഴിഞ്ഞ ജൂൺ അവസാനമാണ് ഇയാൾ പുറത്തിറങ്ങിയത്. 11 കേസുകളിൽ പ്രതിയാണ് ജുഗൽ. കാപ്പ ചുമത്തി ഇയാളെ ജില്ലയിൽനിന്ന് നാട് കടത്തിയിരിക്കുകയാണ്.
അങ്കമാലിയിൽ ഹൈവേ കൊള്ള നടത്തുന്നതിന് ഒത്തുകൂടിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ പിടികൂടിയ രണ്ട് പേർ. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ
അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്.
ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം കൊള്ളയടിക്കാനായി പദ്ധതിയിടുകയായിരുന്നു ഇവർ. ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ 25 ഓളം ക്രിമിനലുകളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Tags : Operation Steel Bird Kaykkuru Ragesh jugel arrested