പ്രതീകാത്മക ചിത്രം
അങ്കമാലി: സർക്കാരിന്റെ വനിതാ സൗജന്യ യാത്രാ പദ്ധതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അങ്കമാലി - കുരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ് വേ' എന്ന സ്വകാര്യ ബസാണ് വിദ്യാർഥികളും ഇതരസംസ്ഥാന തൊഴിലാളികളുമൊഴികെയുള്ള മുഴുവൻ പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി ടൗൺ ജംഗ്ഷനിൽ സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രത്യേക ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദർശിനി' പദ്ധതി മൂലം അങ്കമാലി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉടമകൾ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ബസ് ജീവനക്കാർക്ക് കൂലി നൽകാൻ പോലുമുള്ള തുക ലഭിക്കുന്നില്ലെന്നും, ഡീസൽ അടിക്കാനുള്ള വരുമാനമില്ലാതെ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധിക്കെതിരെ മറ്റ് ബസുകളുടെകൂടി പ്രതിനിധിയായാണ് 'ബെസ്റ്റ് വേ' ബസിൽ പുരുഷയാത്ര സൗജന്യമാക്കി ഉടമകൾ പ്രതിഷേധം തീർക്കുന്നത്.
Tags : Priyadarshini Private bus Angamaly free travel Deepika DeepikaNewspaper NewsUpdate Headlines