ന്യൂഡൽഹി: രാജ്യത്തെ 2047ഓടെ വികസിത രാജ്യമാക്കുന്നതിനുള്ള പ്രയാണം രാജ്യത്തെ പാടശേഖരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള.
അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്, ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, കേന്ദ്ര കൃഷി കർഷക ക്ഷേമമന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിരമായ കൃഷി, നവീകരണം, ഗവേഷണം എന്നിവയാണ് വികസിതഭാരതത്തിന്റെ അടിത്തറ.
പാരന്പര്യ അറിവുകളെ ആധുനിക സാങ്കേതികവിദ്യയുമായി ചേർക്കുന്നതിലൂടെ ഇന്ത്യക്ക് കാർഷികമേഖലയിൽ ആഗോളതലത്തിൽ ഉയർന്നുവരാൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൃഷി എന്നതു കേവലം ഒരു സാന്പത്തികമേഖല മാത്രമല്ല, മറിച്ച് അതു രാജ്യത്തിന്റെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണെന്നും ബിർള ചൂണ്ടിക്കാട്ടി.
‘വികസിത ഭാരതം 2047ന് സുസ്ഥിര കൃഷി: പാരന്പര്യം, സാങ്കേതികവിദ്യ, വ്യക്തമായ ഫലങ്ങൾ’ എന്ന വിഷയത്തിലാണ് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്.
Tags : Om Birla Lok Sabha Speaker Sustainable agriculture developed India foundation