National
ഭോപ്പാൽ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎമാരെ കർണാടകയിലേക്കു മാറ്റി. രണ്ടു സംഘമായിട്ടാണ് എംഎൽഎമാരെ ബംഗളൂരുവിലെത്തിച്ചത്.
മധ്യപ്രദേശിൽ മൂന്നു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റ് ബിജെപിക്കും ഒരെണ്ണം കോൺഗ്രസിനും ലഭിക്കാവുന്ന സാഹചര്യമാണുള്ളത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 229 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 164 എംഎൽഎമാരുണ്ട്.
ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 58 ഫസ്റ്റ് പ്രഫറൻസ് വോട്ടാണു വേണ്ടത്. രണ്ടു ബിജെപി സ്ഥാനാർഥികളും ജയിക്കാൻ 116 വോട്ട് മതി. 48 വോട്ടുകൾ ബിജെപിക്ക് അധികമുണ്ട്. പത്തു കോൺഗ്രസ് വോട്ടുകൾ നേടിയാൽ ബിജെപിയുടെ മൂന്നാം സ്ഥാനാർഥിക്കും വിജയിക്കാനാകും.
മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിക്കാനെത്തിയ നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തെ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞതോടെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് നേതാക്കൾ പ്രതിഷേധിച്ചു.
ഒരു മണിക്കൂറോളം നീണ്ട അനിശ്ചിത്വത്തിനൊടുവിൽ പരാതി കമ്മീഷന് കൈമാറിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല് കോളജിലെ സൈക്യാട്രി വിഭാഗം പിജി വിദ്യാര്ഥികള് നല്കിയ മാനസിക പീഡന പരാതിയെത്തുടര്ന്ന് രണ്ട് അധ്യാപകരെ അടിയന്തരമായി സ്ഥലംമാറ്റി.
അസോസിയേറ്റ് പ്രഫസര് (പ്രൊവിഷണല്) ഡോ. അനിതാ കുമാരി, അസിസ്റ്റന്റ് പ്രഫസര് ഡോ. സി.എ. സ്മിത എന്നിവര്ക്കെതിരേയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നടപടി.
അനിതാ കുമാരിയെ ഇടുക്കി സര്ക്കാര് മെഡിക്കല് കോളജിലേക്കും അവിടത്തെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസര് (പ്രൊവിഷണല്) ഡോ. മിലി ബാബുവിനെ കോഴിക്കോട്ടേക്കും പരസ്പരം സ്ഥലംമാറ്റി നിയമിച്ചു.
സി.എ. സ്മിതയ്ക്ക് കൊല്ലം ഗവ. മെഡിക്കല് കോളജിലെ ഒഴിവിലേക്കാണു മാറ്റം. വിദ്യാര്ഥികളുടെ പരാതിയില് വിദഗ്ധസമിതി നടത്തിയ അന്വേഷണത്തെത്തുടര്ന്നാണു നടപടി. പരാതിയിലെ പല കാര്യങ്ങളും ശരിയാണെന്ന് വിദഗ്ധസമിതി അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
അധ്യാപകരില്നിന്ന് ക്രൂരമായ മാനസിക പീഡനം, ഭീഷണിപ്പെടുത്തല്, അപമാനകരമായ പെരുമാറ്റം എന്നിവ നേരിട്ടെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് അന്വേഷിക്കാന് മെഡിക്കല് വിദ്യാഭ്യാസ വകുപ്പിലെ മുതിര്ന്ന ഫാക്കല്റ്റികളെ ഉള്പ്പെടുത്തിയാണ് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
വിഭാഗത്തിലെ അധ്യാപകരെയും വിദ്യാര്ഥികളെയും നേരില് കണ്ട് സമിതി തയാറാക്കിയ റിപ്പോര്ട്ടില്, ആരോപണവിധേയരായ അധ്യാപകരുടെ പെരുമാറ്റം വിദ്യാര്ഥികളില് കടുത്ത മാനസിക ബുദ്ധിമുട്ടും അപമാനവും ഉണ്ടാക്കിയതായി കണ്ടെത്തി. ഇവിടത്തെ അക്കാദമിക് അന്തരീക്ഷവും പരിശീലനവും വിദ്യാര്ഥികള്ക്ക് അനുകൂലമല്ലെന്നും സമിതി വിലയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ അഴിച്ചുപണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. പോലസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. 10 വർഷമായി യൂണിഫോം ഇടാതെ സ്പെഷൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.
സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ ക്ലിഫ് ഹൗസിന്റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്എച്ച്ഒ ആക്കിയാണ് നിയമിച്ചത്. 10 വർഷമായി സ്പെഷൽ ബ്രാഞ്ചിലായിരുന്നു ഇടത് സംഘടന നേതാവായ പ്രശാന്ത്. ജനറൽ സെക്രട്ടറി സി.ആർ. ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി ഡിജിപി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.
District News
കൊടകര: പഞ്ചായത്തിലെ പതിനൊന്നാം വാര്ഡിലുള്ള വയോധികര്ക്കും ഭിന്നശേഷിക്കാര്ക്കും രോഗികള്ക്കും ഉപയോഗിക്കുന്നതിനായി പേരാമ്പ്ര ഡ്രീം സിറ്റി ലയണ്സ് ക്ലബ് അങ്കണവാടിയിലേക്ക് വീല്ചെയര് സംഭാവന ചെയ്തു.
ലയണ്സ് ക്ലബ് അംഗങ്ങളായ പി.എ. തോമസ്, ജോണി മഞ്ഞാങ്ങ എന്നിവര് ചേര്ന്ന് വാങ്ങി നല്കിയ വീല്ചെയറിന്റെ കൈമാറ്റം കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജസ്റ്റിന് പൊന്മണിശേരി നിര്വഹിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ്് ജോയ്സണ് കീരിയത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്, ലയൺസ് ക്ലബ് സോണ് ചെയര്മാന് പി.ഡി. ജോണ്സ്, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് റിന്സണ്, അങ്കണവാടി വര്ക്കര് ശ്രീദേവി , ക്ലബ്് സെക്രട്ടറി ജോണി മഞ്ഞാങ്ങ എന്നിവര് പ്രസംഗിച്ചു.
ക്ലബ് വൈസ് പ്രസിഡന്റ്് ജിജോ ഉറുവത്ത്, മീഡിയ കോ-ഒാർഡിനേറ്റര് കെ.ഒ. വര്ഗീസ്, സി.എ. ജോസ്, പി.എ. തോമസ്, ജോസ് വടക്കേത്തല എന്നിവര് നേതൃത്വം നല്കി.
National
ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് കേന്ദ്ര സർക്കാർ തലപ്പത്ത് വൻ അഴിച്ചുപണി. മന്ത്രാലയങ്ങളിലെ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളിസുള്ളവരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി ചഞ്ചൽ കുമാറിനെ നിയമിച്ചു. 1992 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വടക്കു കിഴക്കൻ മേഖല വികസന മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വിവരവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് മിനിസ്ട്രി ഓഫ് ഡെവലപ്മെന്റ് ഓഫ് നോർത്ത് ഈസ്റ്റേൺ റീജണിലേക്ക് സെക്രട്ടറിയായി സഞ്ജയ് ജാജുവിനെ മാറ്റി നിയമിച്ചു. ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ സ്പെഷൽ സെക്രട്ടറിയായി സഞ്ജയ് ലോഹിയ നിയമിക്കപ്പെട്ടു. മേയ് 31ന് നിലവിലെ സെക്രട്ടറി നാഗരാജു മദ്ദിരാള വിരമിക്കുന്നതിനെത്തുടർന്ന് അദ്ദേഹം വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും.
ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറിയായി ശ്രീവത്സ കൃഷ്ണ, ടൂറിസം മന്ത്രാലയം ടൂറിസം സെക്രട്ടറിയായി ഭുവ്നേഷ് കുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ ഡെവലപ്മെന്റ് (ഗ്രാമവികസനം) സെക്രട്ടറിയായി രോഹിത് കൻസൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് റിസോഴ്സസ് (ഭൂവിഭവം) സെക്രട്ടറിയായി നരേന്ദ്ര ഭൂഷൺ, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് സെക്രട്ടറിയായി തേജ്വീർ സിംഗ് എന്നിവരെ നിയമിച്ചു.
ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് സെക്രട്ടറിയായി നിവേദിത ശുക്ല വർമ നിയമിതയായി. ഇതിന് പുറമെ ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയറിന്റ് അധിക ചുമതലയും ഇവർ വഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീധർ ചിരുവോലുവിനെ അവിടെതന്നെ അഡീഷണൽ സെക്രട്ടറിയായി ഉയർത്തി.
ഭരത് ഹർബൻസ്ലാൽ ഖേര, അഭിഷേക് സിംഗ്, വീർ വിക്രം യാദവ്, ഫായിസ് അഹമ്മദ് കിദ്വായ്, ചന്ദ്രശേഖർ കുമാർ, വിശാൽ ഗഗൻ എന്നിവരെയും മാറ്റി നിയമിച്ചു. കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൽ (ICAR) സെക്രട്ടറിയായും ജ്ഞാനേന്ദ്ര ഡി. ത്രിപാഠി ചുമതലയേൽക്കും.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്. നാരായണന് ഐപിഎസ് കോഴിക്കോട് പോലീസ് ജില്ല മേധാവിയാകും. തോംസണ് ജോസ് ഐപിഎസ് തൃശൂര് റേഞ്ച് ഡിഐജിയായി ചുമതലയേല്ക്കും.
കെ. ഇമ്പശേഖര് ഐഎസിനെ ആലപ്പുഴ കലക്ടറായും തെരഞ്ഞെടുപ്പ് ഓഫീസറായും നിയമിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് (കെഎഎസ്) ഓഫീസര്മാരില് എസ്. വന്ദനയെ തളിപ്പറമ്പ് ആര്ഡിഒയായും ഇരിക്കൂര് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര് ആയും നിയമിച്ചു.
സച്ചിന് കൃഷ്ണ കണ്ണൂരില് ജില്ല രജിസ്ട്രാര് ജനറലായും ധര്മ്മടം മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറായും പ്രവര്ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് അവലോകനം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നിര്ദേശങ്ങള് നല്കിയത്.
ഈ ഉദ്യോഗസ്ഥരെ വളരെ പെട്ടെന്ന് തന്നെ നിയമിച്ച് ബുധനാഴ്ച രാവിലെ 11 മണിക്കുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കാനും സംസ്ഥാന സര്ക്കാരിന് നിര്ദേശം നല്കിയിട്ടുണ്ട്. നിലവിലുള്ള തസ്തികകളില് നിന്നും സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥര്ക്ക് തെരഞ്ഞെടുപ്പ് പൂര്ത്തിയാകുന്നതു വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ഉത്തരവാദിത്വമൊന്നും നല്കരുതെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പൊസ്തലിക് നുൺഷ്യോ (വത്തിക്കാൻ സ്ഥാനപതി) ആർച്ച്ബിഷപ് ലെയോപോൾദൊ ജിറെല്ലിയെ യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലേക്കു ലെയോ പതിനാലാമൻ മാർപാപ്പ സ്ഥലം മാറ്റി. ഇന്ത്യയിലേക്കുള്ള പുതിയ അപ്പൊസ്തലിക് നുൺഷ്യോയെ മാർപാപ്പ പിന്നീട് പ്രഖ്യാപിക്കും.
2021 മാർച്ച് 13 മുതൽ ഇന്ത്യയുടെ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചുവരികയായിരുന്നു 73കാരനായ ആർച്ച്ബിഷപ് ജിറെല്ലി. ഇറ്റലിയിലെ പ്രെദൊരെ സ്വദേശിയായ അദ്ദേഹം 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചത്.
അമേരിക്ക, കാമറൂൺ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ അപ്പൊസ്തലിക് നുൺഷ്യേച്ചറുകളിൽ പ്രവർത്തിച്ചശേഷം വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലെ പൊതുകാര്യ വിഭാഗത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇന്തോനേഷ്യ, കിഴക്കൻ തിമോർ, സിംഗപ്പുർ, മലേഷ്യ, ബ്രൂണെ, വിയറ്റ്നാം, ഇസ്രയേൽ, സൈപ്രസ് എന്നിവിടങ്ങളിൽ അപ്പൊസ്തലിക് നുൺഷ്യോയായി പ്രവർത്തിച്ചശേഷമാണു ഇന്ത്യയുടെ ചുമതലയിലേക്കു മാറിയത്.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇറാനിലെ ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഡൊമിനിക് മത്തെയുവിനെ വത്തിക്കാനിലേക്കു മാറ്റി.
ആർച്ച്ബിഷപ്പിന്റെ വസതി, സെന്റ് മേരീസ് കത്തീഡ്രൽ പള്ളി, കൂരിയ ഓഫീസുകൾ എന്നിവയെല്ലാം ടെഹ്റാനിലെ ഇറ്റാലിയന് എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലാണു സ്ഥിതിചെയ്യുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ എംബസി അടച്ചതോടെയാണു കർദിനാളിനെയും എംബസി ജീവനക്കാരെയും അവിടെനിന്ന് ഒഴിപ്പിച്ചത്. കഴിഞ്ഞ എട്ടിനാണ് ബൽജിയം സ്വദേശിയായ കർദിനാളിനെയും സംഘത്തെയും അസർബൈജാൻ വഴി റോമിൽ എത്തിച്ചത്.
ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചതോടെ കർദിനാൾ ഉൾപ്പെടെയുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിനിടെയാണ് വത്തിക്കാനില്നിന്നു കര്ദിനാള് ഡൊമിനിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒഎഫ്എം കൺവഞ്ച്വൽസ് സഭാംഗമാണ് 62 കാരനായ കർദിനാൾ മത്തെയു. 2021ൽ അതിരൂപതയുടെ ആർച്ച്ബിഷപ്പായ ഇദ്ദേഹത്തെ 2024ൽ ഫ്രാൻസിസ് മാർപാപ്പയാണു കർദിനാളായി ഉയർത്തിയത്.
കർദിനാൾ ഡൊമിനിക് മത്തെയുവുമായി ലെയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി ഇറാനിലെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
District News
തൃശൂർ: ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി നിർത്തിവച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ രാത്രി എട്ടുവരെയുള്ള ഒപി ഉണ്ടായിരിക്കില്ലെന്ന് ആശുപത്രിയിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന രോഗികൾ ദുരിതത്തിലായി.
തൃശൂർ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവുമധികം രോഗികൾ ആശ്രയിക്കുന്ന ഇടമാണു തൃശൂർ ജനറൽ ആശുപത്രി. വിവിധ സമയങ്ങളിലായി ആറു ഡോക്ടർമാരുടെ സേവനം ആവശ്യമായ കാഷ്വാലിറ്റിയിൽ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്. കഴിഞ്ഞയാഴ്ചവരെ നാലു ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കൂടി സ്ഥലം മാറിപ്പോയതോടെ ഒപി പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.
നൂറുകണക്കിനു രോഗികളാണു തൃശൂര് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ദിവസവും എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ തിരക്കു കുറയ്ക്കാനായാണ് ഒരുവർഷം മുൻപ് ഈവനിംഗ് ഒപി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന അത്യാഹിതമില്ലാത്ത രോഗികളെ ഈവനിംഗ് ഒപിയിലേക്കു വിടുകയാണു പതിവ്. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെപ്പോലും തൃശൂർ മെഡിക്കൽ കോളജിലേക്കു പറഞ്ഞയയ്ക്കേണ്ട അവസ്ഥയാണുള്ളത്.
District News
കാസര്ഗോഡ്: കോഴിമാലിന്യങ്ങള് പൊതു ഇടങ്ങളില് തള്ളുന്നത് ഒഴിവാക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായി ജില്ലയില് ഉണ്ടാകാവുന്ന കോഴിമാലിന്യങ്ങളുടെ അളവിനനുസരിച്ച് കാസര്ഗോഡ് വ്യവസായ പാര്ക്കില് സര്ക്കാര് അനുമതിയോടുകൂടിയുള്ള രണ്ടു കോഴി മാലിന്യസംസ്കരണ യൂണിറ്റുകള് പ്രവര്ത്തിച്ചുവരുന്നുണ്ട്. ചിക്കന് കട്ടിംഗ് സെന്റര് പ്രവര്ത്തന അനുമതിക്ക് അംഗീകൃത മാലിന്യ സംസ്കരണ യൂണിറ്റുമായി എഗ്രിമെന്റ് വയ്ക്കണമെന്ന നിര്ദേശവുമുണ്ട്.
എന്നാല് ചില ചിക്കന് കട്ടിംഗ് സെന്ററുകളില് നിന്നുള്ള കോഴിമാലിന്യങ്ങള് അനധികൃത ഏജന്സികള്ക്ക് നല്കുന്നുവെന്ന പരാതി പരിശോധിച്ചത് പ്രകാരം ജില്ലാ എന്ഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ സ്ഥാപന ഉടമകള്ക്ക് പിഴ ചുമത്തി. ചട്ടഞ്ചാലിലെ കോഴിഫാം ഉടമ ഓഡിറ്റോറിയത്തിലെ ആവശ്യത്തിനുള്ള കോഴികള് നേരിട്ട് കട്ട് ചെയ്ത് നല്കുകയും മാലിന്യങ്ങള് അനധികൃതമായി പ്രവര്ത്തിക്കുന്ന സ്ഥാപനത്തിന് നല്കുകയും ചെയ്തതിന് 10,000 രൂപ പിഴ ചുമത്തി.
കളനാട് ചിക്കന് സ്റ്റാളില് നിന്നുള്ള കോഴിമാലിന്യങ്ങള് ഭാഗികമായി മാത്രം അംഗീകൃത ഏജന്സികള്ക്ക് നല്കിയതിന് ഉടമയ്ക്ക് 6,000 രൂപ പിഴയിട്ടു. ചട്ടഞ്ചാലിലെ സെന്ററുകളില് നിന്നുള്ള കോഴിമാലിന്യങ്ങളും അനധികൃതമായി നല്കിയതിന് പിഴ ചുമത്തി.
District News
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ സംവിധാനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുനഃസ്ഥാപിക്കാൻ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇവ പുനഃസ്ഥാപിച്ച് ബി ആൻഡ് സി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനുമാണ് നിർദേശം.
ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥയേ തുടർന്നാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംവിധാനങ്ങൾ പൂർണമായും കഴിഞ്ഞ ഓഗസ്റ്റ് മുതൽ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പുതിയ കെട്ടിടങ്ങൾ പണിയുന്നതിനാൽ ശസ്ത്രക്രിയ വിഭാഗങ്ങളും ഗൈനക്കോളജിയും മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ നിന്നു മാറ്റിയ അതേ നിലയിൽ തന്നെയാകും സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക. ഉപകരണങ്ങളടക്കം തിരികെ കൊണ്ടുവന്ന് പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഇതിനായി ടെൻഡർ അടക്കം അടിയന്തരമായി പുറപ്പെടുവിക്കുമെന്നാണ് സൂചന.
ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ കഴിഞ്ഞ ഓഗസ്റ്റോടെയാണ് പൂർണമായി കോന്നിയിലേക്ക് നീക്കിയത്. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി സംവിധാനങ്ങൾ മീറ്റുന്നതിന് ജൂലൈ 18നു ചേർന്ന എച്ച്എംസി യോഗമാണ് അംഗീകാരം നൽകിയത്. ജൂണിൽ തന്നെ ആരോഗ്യവകുപ്പ് ഉത്തരവും നൽകിയിരുന്നു.
അതിനു മുന്പായി ജനറൽ സർജറി, ഓർത്തോപീഡിക്, ഇഎൻടി, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, അനസ്തേഷ്യ വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഒപി വിഭാഗം പത്തനംതിട്ടയിൽ നിലനിന്നിരുന്നതിനാൽ അതിനാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിലനിർത്തി മറ്റുള്ളവരെയും കോന്നിയിലേക്ക് മാറ്റിയിരുന്നു.
കോന്നിയിലും പത്തനംതിട്ടയിലുമായി ഡോക്ടർമാർ ജോലിയെടുത്തു വരികയായിരുന്നു. നേരത്തെ 414 കിടക്കകളോടെ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഐപി വിഭാഗത്തിൽ പരിമിതമായേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. നിർമാണ പ്രവർത്തനങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഉദ്ഘാടനം നടത്തി സംവിധാനങ്ങൾ എത്തിച്ചാലും ആശുപത്രി പ്രവർത്തനം പഴയതുപോലെയാകാൻ ഇനി മാസങ്ങൾ വേണ്ടിവരും.
പൂർത്തീകരണം പിന്നാലെ, കെട്ടിടം തുറക്കും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള കെട്ടിടങ്ങൾ എല്ലാം തുറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്പേ കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം ആരോഗ്യമന്ത്രി നൽകി കഴിഞ്ഞു. ഈയാഴ്ച തന്നെ ഉദ്ഘാടനം നടക്കും. ക്രിട്ടിക്കൽ കെയർ, ഒപി ബ്ലോക്കുകളുടെ നിർമാണമാണ് ആശുപത്രി വളപ്പിൽ നടന്നുവരുന്നത്.
നബാർഡിൽ നിന്നു ലഭിച്ച 22.16 കോടി രൂപ വിനിയോഗിച്ചാണ് 31200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 23.62 കോടിരൂപയുടെ എൻഎച്ച്എം ഫണ്ട് വിനിയോഗിച്ചാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം. 2022 ഫെബ്രുവരിയിൽ ഒപി ബ്ലോക്ക് നിർമാണത്തിന് അനുമതിയായെങ്കിലും തുടർ പ്രവർത്തനങ്ങൾ വൈകി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് നിർമാണം വേഗത്തിലായത്.
രണ്ടു നിലകൾ മാത്രമാണ് പൂർത്തീകരിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം എവിടെയുമെത്തിയിട്ടുമില്ല. 51000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. നാല് നിലകളുണ്ടാകണം. 2023ലാണ് ഭരണാനുമതി നേടിയെടുത്തത്. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.
കെട്ട്, തേപ്പ്, പെയിന്റിംഗ്എല്ലാം ഒറ്റദിനത്തിൽ
ജനറൽ ആശുപത്രി കെട്ടിടം പൂർത്തിയാക്കാൻ ഒരേദിനം തന്നെ കെട്ടും തേപ്പും പിന്നാലെ പെയിന്റിംഗുമാണ് നടക്കുന്നത്. തറയിൽ ടൈൽ പാകുന്ന ജോലികളും ഇതിനൊപ്പം തുടങ്ങി. നാലുദിവസം കൊണ്ട് ഒപി ബ്ലോക്ക് സജ്ജമാക്കാനാണ് ശ്രമം. എന്നാൽ ഇത്തരത്തിലുള്ള നിർമാണ രീതിയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗവും നിർമാണരംഗത്തെ വിദഗ്ധരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക മികവില്ലാതെയുള്ള നിർമാണം ഭാവിയിൽ അപകട സാഹചര്യങ്ങളൊരുക്കുമെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ. സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്ററിംഗ് വേഗത്തിൽ അടർന്നു വീഴാനടക്കമുള്ളസാധ്യതകളും മുന്നിൽക്കാണണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, റിസപ്ഷൻ, വാർഡുകൾ, നിരീക്ഷണ മുറികൾ, ഫാർമസി, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയെങ്കിലേ കെട്ടിടം സജ്ജമാകൂ. ഇതിന് കുറഞ്ഞത് നാലുമാസത്തെ സാവകാശമെങ്കിലും വേണമെന്നാണ് പറയുന്നത്.
ബി ആൻഡ് സി ബ്ലോക്ക് നവീകരണം പൂർത്തിയാകുന്നു
ജനറൽ ആശുപത്രിയിലെ അത്യാവശ്യ സംവിധാനങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലാണ്. 80 ശതമാനം ജോലികളും പൂർത്തീകരി്ച. 5.5 കോടി രൂപയ്ക്കാണ് നവീകരണ ജോലികൾ നടക്കുന്നത്. എൻഎച്ച്എം ഫണ്ടുപയോഗിച്ചാണ് നവീകരണം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു കരാർ. കെട്ടിടത്തിന്റെ ചോർച്ച, ശൗചാലയങ്ങളുടെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും നവീകരണം, ലിഫ്റ്റ് തുടങ്ങിയവയാണ് അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചത്. കാലപ്പഴക്കം അധികമില്ലെങ്കിലും നിർമാണത്തിലെ പോരായ്മ കാരണം കെട്ടിടം വേഗത്തിൽ തകർച്ച നേരിടുകയായിരുന്നു.
സിസിയു കെട്ടിടം വൈകും
ക്രിട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം പൂർത്തിയാകണമെങ്കിൽ തന്നെ ഇനിയും മാസങ്ങളെടുക്കും. കെട്ടിടം പൂർത്തിയായാൽ തന്നെ ഇവിടെ സംവിധാനങ്ങളൊരുക്കാൻ വീണ്ടും താമസം നേരിടും. എൻഎച്ച്എം ഫണ്ട് ലഭ്യമായതിനാൽ നിർമാണം തടസമില്ലാതെ നടന്നേക്കും. നാലുനിലകളാണ് കെട്ടിടത്തിനുള്ളത്. തുണുകൾ നിർമിച്ച് കോൺക്രീറ്റ് ചെയ്തുവെങ്കിലും മുറികൾ തിരിക്കുന്നതടക്കമുള്ള ജോലികൾ നടത്തണം.
താഴത്തെ നിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമോ കെയർ അടക്കം സജ്ജമാകണം. ഐസലേഷൻ വാർഡ്, പ്ലാസ്റ്റർ റൂം, മൈനർ ഓപ്പറേഷൻ തിയറ്റർ, നഴ്സസ്, ഡോക്ടേഴ്സ് മുറികൾ, ഫാർമസി തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. ആർഎംഒ ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ഐസിയു, ഹൈ ഡിപ്പൻഡൻസിയൂണറ്റ് എന്നിവ ഒന്നാംനിലയിൽ സജ്ജമാകണം.
District News
നീലേശ്വരം: ലഹരിമരുന്നുകേസിലെ പ്രതിയെ പിടികൂടാൻ പോകുമ്പോൾ കാറപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ കുടുംബത്തിന് കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് തുകയായ 25 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപകട ഇൻഷ്വറൻസ് തുകയായഒരു കോടി രൂപയും കൈമാറി.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പോലീസ് ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റായ ഡിജിപി മനോജ് ഏബ്രഹാം സജീഷിന്റെ ഭാര്യ ഷൈനിക്കും മക്കളായ ദിയ, ദേവജ് എന്നിവർക്കും ചെക്കുകൾ കൈമാറി.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, എസ്ബിഐ റീജിയണൽ മാനേജർ രാജേഷ്, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, പി. രവീന്ദ്രൻ, പി.വി. സുധീഷ്, പി പ്രകാശൻ, എ.പി. സുരേഷ്, ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, സംഘം ഭാരവാഹികളായ കെ.പി. പ്രവീൺ, ഇ.വി. പ്രദീപൻ, രാജേഷ് കടമ്പേരി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
നേരത്തെ സജീഷിന്റെ പേരിലുള്ള 24 ലക്ഷത്തിലധികം രൂപയുടെ ഭവന വായ്പയും സംഘം എറ്റെടത്തിരുന്നു. തുടർന്ന് സജീഷിന്റെ നിർമാണം പൂർത്തിയായ വീടിന്റെ രേഖകളും അടിയന്തിര ധനസഹായവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വീട്ടിലെത്തി കൈമാറിയിരുന്നു.
National
ന്യൂഡൽഹി: മണിപ്പുരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നാഗ ഭൂരിപക്ഷ ജില്ലയായ ഉക്രുളിലെ സ്കൂളിൽനിന്ന് 51 കുക്കി വിദ്യാർഥികളെ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
ഉക്രുൾ രാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽനിന്നാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കുക്കി ഭൂരിപക്ഷ ജില്ലയായ കാംഗ്പോക്പിയിലേക്കു മാറ്റിയത്. 51 വിദ്യാർഥികളിൽ 20 പേർ പെണ്കുട്ടികളാണ്. ഈ കുട്ടികളുടെ പരീക്ഷാകേന്ദ്രങ്ങളും കാംഗ്പോക്പി ജെഎൻവിയിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു നടന്ന ആക്രമണത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകന്പടിയോടെയാണു വിദ്യാർഥികളെ കുക്കി മേഖലയിലേക്കു മാറ്റിയത്. അക്രമങ്ങളിൽ ചില വിദ്യാർഥികൾക്കുകൂടി പങ്കുണ്ടെന്ന് നാഗകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തെറ്റായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുക്കി വിദ്യാർഥികളെ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിച്ചത്.
Kerala
കൊല്ലം: കണ്ണനല്ലൂർ സിഐയ്ക്ക് സ്ഥലം മാറ്റം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് കണ്ണനല്ലൂര് സിഐ ആൻഡ്രിക് ഗ്രോമിക്കിനെ സ്ഥലം മാറ്റിയത്.
സിപിഎമ്മിന്റെ നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ മർദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനാണ് ആൻഡ്രിക് ഗ്രോമിക്. ലോക്കൽ സെക്രട്ടറിക്ക് പോലീസ് മർദ്ദനമേറ്റെന്ന പരാതി നിയമസഭയിൽ അടക്കം പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണവും നൽകിയിരുന്നു. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ പരാതിക്ക് പിന്നാലെയാണ് സിഐയുടെ സ്ഥലം മാറ്റം.
അതേസമയം സംസ്ഥാന വ്യാപക സ്ഥലംമാറ്റത്തിന്റെ ഭാഗമെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.
Kerala
തൃശൂർ: സിറ്റി എസിപി സലീഷ് എൻ. ശങ്കരനെ സ്ഥലം മാറ്റി. ഏഴുവർഷം മുന്പ് പാലക്കാട് കൊല്ലങ്കോട് സിഐ ആയിരുന്ന സമയത്തെ കസ്റ്റഡിമർദന പരാതിയെതുടർന്നാണ് സ്ഥലംമാറ്റമെന്നു പറയുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാലക്കാട് നാർക്കോട്ടിക് സെല്ലിലേക്കാണ് സ്ഥലംമാറ്റം. കെ.ജി. സുരേഷാണ് പുതിയ സിറ്റി എസിപി.