തൃശൂർ: ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി നിർത്തിവച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ രാത്രി എട്ടുവരെയുള്ള ഒപി ഉണ്ടായിരിക്കില്ലെന്ന് ആശുപത്രിയിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന രോഗികൾ ദുരിതത്തിലായി.
തൃശൂർ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവുമധികം രോഗികൾ ആശ്രയിക്കുന്ന ഇടമാണു തൃശൂർ ജനറൽ ആശുപത്രി. വിവിധ സമയങ്ങളിലായി ആറു ഡോക്ടർമാരുടെ സേവനം ആവശ്യമായ കാഷ്വാലിറ്റിയിൽ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്. കഴിഞ്ഞയാഴ്ചവരെ നാലു ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കൂടി സ്ഥലം മാറിപ്പോയതോടെ ഒപി പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.
നൂറുകണക്കിനു രോഗികളാണു തൃശൂര്‍ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ദിവസവും എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ തിരക്കു കുറയ്ക്കാനായാണ് ഒരുവർഷം മുൻപ് ഈവനിംഗ് ഒപി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന അത്യാഹിതമില്ലാത്ത രോഗികളെ ഈവനിംഗ് ഒപിയിലേക്കു വിടുകയാണു പതിവ്. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെപ്പോലും തൃശൂർ മെഡിക്കൽ കോളജിലേക്കു പറഞ്ഞയയ്ക്കേണ്ട അവസ്ഥയാണുള്ളത്.
Tags : Doctors transferred General Hospital