വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇറാനിലെ ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഡൊമിനിക് മത്തെയുവിനെ വത്തിക്കാനിലേക്കു മാറ്റി.
ആർച്ച്ബിഷപ്പിന്റെ വസതി, സെന്റ് മേരീസ് കത്തീഡ്രൽ പള്ളി, കൂരിയ ഓഫീസുകൾ എന്നിവയെല്ലാം ടെഹ്റാനിലെ ഇറ്റാലിയന്‍ എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലാണു സ്ഥിതിചെയ്യുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ എംബസി അടച്ചതോടെയാണു കർദിനാളിനെയും എംബസി ജീവനക്കാരെയും അവിടെനിന്ന് ഒഴിപ്പിച്ചത്. കഴിഞ്ഞ എട്ടിനാണ് ബൽജിയം സ്വദേശിയായ കർദിനാളിനെയും സംഘത്തെയും അസർബൈജാൻ വഴി റോമിൽ എത്തിച്ചത്.
ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചതോടെ കർദിനാൾ ഉൾപ്പെടെയുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിനിടെയാണ് വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡൊമിനിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒഎഫ്എം കൺവഞ്ച്വൽസ് സഭാംഗമാണ് 62 കാരനായ കർദിനാൾ മത്തെയു. 2021ൽ അതിരൂപതയുടെ ആർച്ച്ബിഷപ്പായ ഇദ്ദേഹത്തെ 2024ൽ ഫ്രാൻസിസ് മാർപാപ്പയാണു കർദിനാളായി ഉയർത്തിയത്.
കർദിനാൾ ഡൊമിനിക് മത്തെയുവുമായി ലെയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി ഇറാനിലെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
Tags : Tehran Archbishop Vatican Cardinal Dominic Matthias transferred