താമരശേരി: താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്.
കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപമാണ് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 33 എ, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 31 എ എന്നീ വകുപ്പുകള്‍ പ്രകാരം ബോര്‍ഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
മുമ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്നു പിഴ ഈടാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗള്‍ട്രി റെന്‍ഡറിംഗ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓര്‍ഗാനിക്സ്. ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരേ ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി റിവര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കുറേ വര്‍ഷങ്ങളായി രാപകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു.
ജനജീവിതം ദുരിതപൂര്‍ണമാക്കിയ ഫ്രഷ് കട്ട് കമ്പനി അടച്ചു പൂട്ടിയത് യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുസ് ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് എംഎല്‍എ അഭിപ്രായപ്പെട്ടു.