ചെറുവത്തൂർ: കൈതക്കാട്ടെ സ്വകാര്യ മാലിന്യസംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. യു.കെ. കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മഹയൂബ വേസ്റ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തീ പടർന്നുപിടിച്ചത്.
പ്ലാസ്റ്റിക്കും തുണിയുമുൾപ്പെടെ സംസ്കരണത്തിനായി സൂക്ഷിച്ച മൂന്നര കോടി രൂപയോളം വിലവരുന്ന സാധനങ്ങളും ഒന്നരക്കോടി രൂപയുടെ യന്ത്രസാമഗ്രികളും കത്തിനശിച്ചു. ഹരിത കർമസേനയിൽ നിന്നുൾപ്പെടെ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് കയറ്റി അയയ്ക്കുന്ന സ്ഥാപനമാണ് ഇത്.
തൃക്കരിപ്പൂർ, ചീമേനി, കാഞ്ഞങ്ങാട്, പയ്യന്നൂർ, കാസർഗോഡ് അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ നാലു യൂണിറ്റുകൾ നാലു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് പ്രദേശമാകെ പുകപടലങ്ങൾ നിറഞ്ഞ നിലയിലാണ്.
പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മാരകരോഗങ്ങൾ ബാധിച്ച് ചികിത്സ തേടുന്നവരും ഗർഭിണികളും കുട്ടികളും പരമാവധി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Tags : nattu vishesham Major fire breaks treatment plant