ഹോർമുസ് കടലിടുക്ക്
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
Tags : Hormuz Iran War US America conflict Oman