കായംകുളം: കന്നീസക്കടവ് പാലത്തിനു സമീപം കരിപ്പുഴ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടിയില്ല. തോടിനു സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഇതുമൂലം മാലിന്യങ്ങൾ തോട്ടിലേക്കു വൻതോതിൽ തള്ളുകയാണ്. ഇതുമൂലം പരിസരത്താകെ ദുർഗന്ധമാണ്. പരിസരത്തുള്ള കച്ചവടക്കാർക്ക് കടകൾ തുറന്നുപ്രവർത്തിക്കുന്നതിനും പരിസരവാസികൾക്ക് സാധനങ്ങൾ വന്നു വാങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നു. നാട്ടുകാർ നിരന്തരം മുനിസിപ്പൽ അധികൃതരേ വിവരം അറിയിക്കാറുണ്ടെങ്കിലും വന്നു സന്ദർശിച്ചു മടങ്ങുന്നതല്ലാതെ യാതൊരു നടപടികളും സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം.
വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളില്നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിപ്പുഴത്തോട്ടിലൂടെയാണ് കായംകുളം കായലിൽ സംഗമിക്കുന്നത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ കരിപ്പുഴത്തോട്. ഹോട്ടല്മാലിന്യങ്ങളും ഓടകള്‍ വഴിയെത്തുന്ന മാലിന്യങ്ങളും കോഴിവേസ്റ്റും കൊണ്ട് നിറഞ്ഞുകിടക്കുന്ന തോട് നാട്ടുകാര്‍ക്കു ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്.
തോട്ടിലെ വെള്ളത്തിനു പോലും കറുപ്പു നിറമാണ്. മുമ്പ് തോട് നവീകരിക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തോട്ടിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തികെട്ടാനായിരുന്നു തുക അനുവദിച്ചത്. എന്നാല്‍, നാമമാത്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നടന്നുള്ളൂ.
കന്നീസക്കടവ് പാലം, കാര്യാത്ത് പാലം എന്നിവയുടെ വശങ്ങളില് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യം കുന്നുകൂടുകയാണ്. പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍ നിന്നും എത്തുന്ന മാലിന്യത്തിന് പുറമേ ദൂരെ സ്ഥലങ്ങളില്‍നിന്നു വാഹനങ്ങളില്‍ മാലിന്യം ചാക്കില്‍ നിറച്ച് തോട്ടിലേക്ക് എറിയുകയാണ്. രാത്രികാലങ്ങളില്‍ പാലങ്ങള്‍ക്കു മുകളില്‍നിന്നാണ് ഈ മാലിന്യ നിക്ഷേപം.
ഗുരുതരമായ ആരോഗ്യപ്രശ്നമായിട്ടും തോട്ടിലേക്കുള്ള മാലിന്യനിക്ഷേപം തടയാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല. ജലമലിനീകരണം ക്രിമിനല്‍ കുറ്റമായിരിക്കേ തോട് മലിനപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Treatment Plant Nattuvishesham District News