അടിമാലി: ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം ആദിവാസി യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സമരം സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് മുഖ്യമന്ത്രിക്ക് അകമ്പടി പോയതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചുവെന്നാണ് ആരോപണം.
മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ഉന്നതിയിലെ അനിയൻപിള്ളയുടെ മകൻ നങ്കൻ ( 37) ആണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചു. എന്നാൽ, സമയത്ത് ആംബുലൻസ് ലഭിക്കാതെ വന്നതോടെ നാലര മണിക്കൂർ വൈകിയാണ് രോഗിയെ കോട്ടയത്തേക്കു കൊണ്ടുപോയത്.
കോട്ടയം മെഡിക്കൽ കോളജിൽ രോഗിയുമായി എത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞു. അപ്പോഴേയ്ക്കും രക്തത്തിലെ കൗണ്ട് കുറഞ്ഞ് രോഗി അവശനിലയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ യുവാവ് മരിച്ചു. കൃത്യസമയത്ത് രോഗിയെ മെഡിക്കൽ കോളജിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സമരത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, ചാറ്റുപാറ ഉന്നതി ഊര് മൂപ്പൻ എം. ആർ. മോനായി തുടങ്ങിയവർ പ്രസംഗിച്ചു.