പ്രതീകാത്മക ചിത്രം
അടിമാലി: ആംബുലൻസിന്റെ സേവനം കൃത്യസമയത്ത് ലഭിക്കാതെ ചികിത്സ വൈകിയതുമൂലം ആദിവാസി യുവാവിന്റെ ജീവൻ നഷ്ടമായി. മാങ്കുളം ചിക്കണംകൂടി ഉന്നതിയിലെ നങ്കനാണ് (37) മരണമടഞ്ഞത്.
അടിമാലി താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മറ്റൊരിടത്തായിരുന്നതിനാൽ രോഗിയെ കൃത്യസമയത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നതാണ് നങ്കന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചു. എന്നാൽ സമയത്ത് ആംബുലൻസ് ലഭിക്കാതെ നാലര മണിക്കൂർ വൈകിയാണ് ഇവിടെനിന്നു രോഗിയെ കൊണ്ടുപോകാൻ കഴിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി എത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞു. അപ്പോഴേക്കും രോഗി അവശ നിലയിലായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി തൊടുപുഴയിലേക്ക് കൊണ്ടുപോയിരുന്നു. താലൂക്ക് ആശുപത്രിയിൽ മൂന്ന് ആംബുലൻസുകളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് ആംബുലൻസുകളിൽ ഡ്രൈവർമാരെ നിയമിക്കാത്തതുമൂലം പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.
Tags : Local News Nattuvishesham Tribal youth loses life ambulance