പ്രതീകാത്മക ചിത്രം
ജൽ ജീവൻ പൈപ്പിടൽ വൈകിയതുമൂലം റോഡ് നവീകരണം മുടങ്ങി
കറുകച്ചാൽ: ജല്‍ജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിന്റെ പേരു പറഞ്ഞ് റോഡ് പുനർനിർമാണം വൈകിച്ചു. തടസം നീങ്ങി റോഡ് പണി തുടങ്ങിയപ്പോൾ വീണ്ടും ജലജീവന്‍ മിഷൻ പൈപ്പ് മാറ്റൽ. നെടുംകുന്നം - മാന്തുരുത്തി റോഡിലാണ് ഈ പ്രതിഭാസം.
ഏറെക്കുറെ പൂർണമായും തകർന്ന റോഡ് പുനർനിർമിക്കുന്നതിന് കാലങ്ങൾക്കു മുമ്പേ നടപടികൾ ആയതായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ജല്ജീവന്റെ പൈപ്പ് ഇടൽ വൈകിയതിനാൽ റോഡ് നവീകരണം മുടങ്ങി.
കഴിഞ്ഞയാഴ്ച നിർമാണ ജോലികൾ ആരംഭിച്ചിരുന്നു. വർഷങ്ങളായി മഴക്കാലങ്ങളിൽ റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ സാധാരണയാണ്. ഈ ഭാഗങ്ങളിൽ ഓട നിർമിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കാനകൾ എടുത്തു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ പഴയ ഇരുമ്പു പൈപ്പുലൈനുകൾ നീക്കം ചെയ്ത് പിവിസി പൈപ്പ് സ്ഥാപിച്ചു. ഇപ്പോൾ ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിച്ചതിലും ചില അപാകതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
ഒരു സ്ഥലത്ത് അഞ്ച് കണക്ഷനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. തറനിരപ്പിൽ കോൺക്രീറ്റ് മിശ്രിതം നിരത്തി വാർക്കക്കമ്പികൾ കെട്ടിയിട്ടും മുഴുവൻ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടില്ല എന്ന് നാട്ടുകാർ ചൂണ്ടിക്കാ ണിക്കുന്നു. ഓടകൾ നിർമിക്കുന്നതിനായി നേരത്തേ അലൈൻമെന്റിൽ മാറ്റം വരുത്തിയതുകൊണ്ടാണ് ചിലയിടങ്ങളിൽ പൈപ്പുലൈൻ മാറ്റേണ്ടിവന്നത്.
റോഡിന്റെ പുനർനിർമാണ പദ്ധതിയിൽ ഓടകളുടെ നിർമാണവും നേരത്തേ ഉൾപ്പെടുത്തിയിട്ടും അതനുസരിച്ച് ജലമിഷൻ പൈപ്പുകൾ ഓടകളുടെ ഭാഗത്തുനിന്നും മാറ്റി സ്ഥാപിക്കാതിരുന്നതാണ് പഴയ പൈപ്പുലൈനുകൾ മാറ്റേണ്ടി വന്നത്. ഓരോ കാരണങ്ങളുടെ പേരിൽ മാന്തുരുത്തി - നെടുംകുന്നം റോഡിന്റെ പുനർനിർമാണം വൈകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Tags : Local News Nattuvishesham Nedumkunnam Manthuruthy road