പ്രതീകാത്മക ചിത്രം
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. ഡോ.വി.പി. ജഗതീരാജ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
യൂണിവേഴ്സിറ്റിയുടെ അക്കാഡമിക പ്രവര്‍ത്തനങ്ങളെയും പരീക്ഷാ നടത്തിപ്പിനെയും കുറിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യുജിസി നിറുത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന് സമ്പ്രദായം നിയമ വിരുദ്ധമായി തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും പാരലല്‍ കോളജുകളുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാനും യൂണിവേഴ്സിറ്റിയെ താറടിച്ച് കാണിക്കാനും നടത്തുന്ന ഗൂഡശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണം.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി, പി.ജി പ്രോഗ്രാമുകള്‍ക്കും യുജിസി, ഡിഇബി അംഗീകാരമുണ്ട്. യൂണിവേഴ്സിറ്റി നല്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയിലെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ക്കും തുല്യമാണ്.
ഉന്നത പഠനത്തിനും കെപിഎസ്സി, യുപിഎസ്സി ഉള്‍പ്പെടെയുള്ള എല്ലാ മത്സര പരീക്ഷകള്‍ക്കും ജോലികള്‍ക്കും പൂര്‍ണമായും അംഗീകൃതമാണ്. യൂണിവേഴ്സിറ്റിക്ക് എന്സിഇടിവി അക്രഡിറ്റേഷനും കെഐആര്‍എഫ് റാങ്കിംഗില്‍ 11-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. എന്‍ആര്‍എഫ് റാങ്കിംഗിനും നാക് അക്രഡിറ്റേഷനും യൂണിവേഴ്സിറ്റി സജ്ജമാണ്.
സംസ്ഥാനത്തുടനീളം അഞ്ച് റീജണൽ കേന്ദ്രങ്ങളും 79 പഠന കേന്ദ്രങ്ങളും 100 പരീക്ഷാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അദ്ധ്യയന വര്‍ഷം എക്സാം ഓണ്‍ഡിമാന്‍ഡ്, ഓണ്‍ സ്ക്രീന്‍ വാലുവേഷന്, ഡിജി ഗുരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്നിവ നടപ്പാക്കും.
ശ്രീനാരായണ മെരിറ്റ് സ്കോളര്‍ഷിപ്പ്, ഇ ഗ്രാന്റ്സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഒരു ലക്ഷത്തിലധികം പഠിതാക്കള്‍ നിലവിലുണ്ട്.
ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള യൂണിവേഴ്സിറ്റിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ പൊതുസമൂഹവും മാദ്ധ്യമങ്ങളും ചെറുക്കണം.
നാല് വര്‍ഷം മാത്രം പിന്നിട്ട യൂണിവേഴ്സിറ്റി എന്ന നിലയില്‍ ചെറിയ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിച്ചുവരികയാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
പരീക്ഷാ കണ്ട്രോളര് പ്രഫ. ഡോ. ആനന്ദരശ്മി, ഫിനാന്‍സ് ഓഫീസര്‍ എം.എസ്. ശരണ്യ, റീജണല്‍ ഡയറക്ടര്‍ പ്രഫ.ഡോ.സോഫിയ രാജന്, സൈബര്‍ കണ്ട്രോളര് ടി. ബിജുമോന് എന്നിവരും പങ്കെടുത്തു.