കബഡി മത്സരത്തിൽ നിന്ന്.
മുക്കം: 68-ാമത് കോഴിക്കോട് റവന്യു ജില്ല ഇന്റർ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിന് കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി 102 ടീമുകളിലായി 1200ഓളം വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ മാറ്റുരയ്ക്കുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം. പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച മൂന്ന് കബഡി കോർട്ടുകളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകീട്ട് ആറുവരെ തുടരും.
വിവിധ ഉപജില്ലകളിൽ നിന്നെത്തുന്ന ടീമുകൾക്ക് മത്സരത്തിനാവശ്യമായ സൗകര്യങ്ങൾക്കൊപ്പം താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സി.കെ. കാസിം എംഎൽഎ നിർവഹിക്കും. ജില്ലയിലെ മികച്ച കബഡി താരങ്ങളെ കണ്ടെത്തുന്നതിനും വിദ്യാർഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനുമുള്ള വേദിയായി ചാമ്പ്യൻഷിപ്പ് മാറും.