പ്രതീകാത്മക ചിത്രം
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സജ്ജാമാക്കുന്ന ടൗണ്‍ഷിപ്പിൽ മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയ വീടുകളുടെ നിർമാണം മന്ദഗതിയിലാണെന്ന പ്രചാരണത്തിൽ കാന്പില്ല. 110 വീടുകളുടെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കരാർ കന്പനി ഉറപ്പുനൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മന്ത്രി പറഞ്ഞു.
വർക്ക് ഷെഡ്യൂൾ തയാറാക്കിയുള്ള നിർമാണമാണ് ടൗണ്‍ഷിപ്പിൽ നടക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾമൂലം ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത ദുരന്തബാധിതരെയും പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം ഉണ്ടാകും.
പ്രവൃത്തി നടത്തിപ്പിൽ ജോലിക്കാരുടെ ദൗർലഭ്യം ഉണ്ടായിട്ടില്ല. നിലവിൽ 810 പേർ ടൗണ്‍ഷിപ്പിൽ ജോലി ചെയ്യുന്നുണ്ട്. 178 വീടുകളുടെ താക്കോൽദാനം ഇതിനകം നടന്നു. ഡിസംബറോടെ ടൗണ്‍ഷിപ്പിൽ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധി എന്ന നിലയിൽ എല്ലാ മാസവും ഒരു ദിവസം നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. മന്ത്രിസഭാ ഉപസമിതിയുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ അവലോകനം വേറെയും നടത്തുന്നുണ്ട്.
ഭവനങ്ങളുടെ പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളെ നറുക്കെടുത്ത് നിശ്ചയിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന വിഷയത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
Tags : Township NattuVishasham DistrictNews