കത്തോലിക്ക കോൺഗ്രസ് പ്രതിഷേധയോഗം രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ വ്യക്തതയില്ലാതെ പുറപ്പെടുവിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിൽ കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധ സംഗമം പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രവിജ്ഞാപനപ്രകാരം കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിവരങ്ങൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നാണ് വ്യക്തമാക്കുന്നത്.
എന്നാൽ, യാതൊരു വ്യക്തതയുമില്ലാത്ത നിരവധി പ്ലാനുകളാണ് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. എല്ലാ വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ഈ പ്ലാൻ തയാറാക്കിയിരിക്കുന്നതെന്ന് സംസ്ഥാനസർക്കാർ അവകാശപ്പെടുമ്പോഴും അതു കൃത്യമായി പരിശോധിക്കാനോ മനസിലാക്കാനോ സാധിക്കുന്നില്ല. തങ്ങളുടെ കൃഷിഭൂമി ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സാധാരണ കർഷകർക്ക് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽത്തന്നെ വിജ്ഞാപനംവന്ന് 60 ദിവസത്തിനകം നിയമാനുസൃതമായി എതിർപ്പുകൾ അറിയിക്കാനും സാധ്യമല്ല.
കർഷകരെ ഇരുട്ടിൽനിർത്തി അവരുടെ കൃഷിഭൂമി ഇഎസ്എയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരുംചേർന്ന് നടത്തുന്ന ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരേ യോഗം ശക്തമായ അമർഷം രേഖപ്പെടുത്തി.
ജനവാസമേഖലകളേയും തോട്ടങ്ങളേയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കി തയാറാക്കിയ കൃത്യമായ പ്ലാൻ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നു സമിതി സർക്കാരിനോടാവശ്യപ്പെട്ടു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ഒരു കർഷകന്റെയും കൃഷിഭൂമി ഇഎസ്എയിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേരളസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കർഷകവഞ്ചനയുമായാണ് ഇനിയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോകുന്നതെങ്കിൽ കേരളത്തിലെ കർഷകരെയും ഇഎസ്എയിൽ ഉൾപ്പെട്ട വില്ലേജുകളിലെ പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്നു രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യൻ പൂവത്തുങ്കൽ അറിയിച്ചു. സെക്രട്ടറി കെ.എഫ്. ആന്റണി, ട്രഷറർ ജോസ് മുക്കട, തോമസ് ആന്റണി, ജോസ് വടക്കേക്കര, ഷിബു കാട്ടറുകുടി, ജോമി ജോർജ്, ബെന്നി മറ്റപ്പള്, ഷെളി റാവു, ജിനി ജോസഫ്, ജീജോ അറക്കൽ, എലിസബത്ത് മുസോളിനി, ദീപ ബൈജു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
Tags : District News Nattuvishesham Catholic Congress protested Kasturirangan draft notification