റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം.
മലപ്പുറം: മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്റെ നിർമാണ നടപടികൾ വേഗമാക്കാൻ ഊർജിത നീക്കങ്ങൾ ആരംഭിച്ചു.
സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അനുവദിച്ച ഈ വൻകിട പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.
പദ്ധതിക്കാവശ്യമായ സമഗ്ര മാസ്റ്റർ പ്ലാൻ വൈകാതെ തയാറാക്കാനും നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്നിലായാണ് അത്യാധുനിക രീതിയിലുള്ള സമുച്ചയം 600 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യത്തോടെ ഉയരുന്നത്. പത്തു നിലകളിലായി രണ്ടു കൂറ്റൻ ടവറുകളാണ് ഇവിടെ നിർമിക്കുക. ഒട്ടേറെ സർക്കാർ ഓഫിസുകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരത്തി പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.നിലവിൽ പ്രവർത്തിക്കുന്ന ഓഫിസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജനസേവനങ്ങളെയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും നിർമാണ ഘട്ടങ്ങൾ ആസൂത്രണം ചെയ്യുക. ഓരോ വകുപ്പിന്റെയും പ്രവർത്തനപരമായ ആവശ്യങ്ങളും സൗകര്യങ്ങളും മുൻനിർത്തി പ്രത്യേക ഘടനയിലായിരിക്കും ഓഫിസുകൾ രൂപകൽപന ചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങൾ പെട്ടെന്ന് മാറ്റാതെ തന്നെ നിർമാണം തുടങ്ങാനുള്ള പ്രായോഗിക സാധ്യതകളും യോഗം വിലയിരുത്തി.
യോഗത്തിൽ എഡിഎം പി.ഒ. സാദിഖ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി.കെ. അഹമ്മദ്, മലപ്പുറം നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയർമാൻ ഹാരിസ് ആമിയൻ, മന്ത്രിയുടെ പ്രതിനിധികളായ പി.എ. സലാം, പി.കെ. ബാവ, കെ.പി.എം. മൻസൂർ, പൊതുമരാമത്ത്, പിആർഡി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : Revenue Tower NattuVishasham DistrictNews