ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ചെറുപുഴ നവജ്യോതി കോളജ് സോഷ്യൽ വർക്ക് വിഭാഗം അവതരിപ്പിച്ച തെരുവുനാടകം.
ചെറുപുഴ: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ചെറുപുഴ നവജ്യോതി കോളജ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു) വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലും പൊതുവേദികളിലും ആത്മഹത്യക്കെതിരേ സന്ദേശം ഉയർത്തി തെരുവുനാടകം അവതരിപ്പിച്ചു. "കൂടപ്പിറപ്പ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കൂട്ടായ്മയുടെ കരുത്തും പകർന്നുനൽകി.
ചിറ്റാരിക്കാൽ സെന്റ് മേരീസ് ഹൈസ്കൂൾ, സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം നവ്യാനുഭവമായി. ജീവിതം എത്രമേൽ മനോഹരമാണെന്നും ചെറിയ പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കുന്ന പ്രവണതകൾക്കെതിരെ എത്രത്തോളം ജാഗ്രത വേണമെന്നും നാടകം വരച്ചുകാട്ടി. വിദ്യാർഥികളിലും അധ്യാപകരിലും ഒരുപോലെ ചിന്താവിഷയമുണർത്താൻ സഹായകമായി.
കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഡോ. സിജോയി പോൾ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം നൽകി. ജീവിതം നഷ്ടപ്പെടുത്തലല്ല, അതിജീവിക്കാനുള്ളതാണെന്നും പരസ്പരം കൈത്താങ്ങാവുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ധർമമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിഎസ്ഡബ്ല്യു വിഭാഗം മേധാവി ഫാ. ബിനോയ് വാഴയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : District News Nattuvishesham Navajyothi Koodappirappu Prevent Suicide