പ്രതീകാത്മക ചിത്രം
വൈത്തിരി: ചുരത്തിലെ രൂക്ഷമായ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി പതിവായി ഗതാഗത തടസം ഉണ്ടാകുന്നത് യാത്രക്കാരെ രൂക്ഷമായി ബാധിക്കുന്നുണ്ട്.
ചുരത്തിലെ വളവുകളിൽ വീതി കൂട്ടൽ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുന്പോൾ ചുരം യാത്ര കൂടുതൽ ദുരിതപൂർണമാകുകയാണ്. ചുരത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കണ്ടെയ്നർ ലോറികൾക്കും അമിതഭാരം കയറ്റിവരുന്ന വലിയ ലോറികൾക്കും നിരോധനം ഏർപ്പെടുത്തണമെന്നും റോഡിലെ വളവുകളിലുള്ള കുഴികൾ അടച്ച് സുഗമമായ ഗതാഗതത്തിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ചുരം പ്രവേശന കവാടത്തിൽ മാർച്ചും ഉപവാസ സമരവും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു.
കെ. ഉസ്മാൻ-ജില്ലാ ജനറൽ സെക്രട്ടറി, നൗഷാദ് കരിന്പനക്കൽ-ട്രഷറർ, മത്തായി ആതിര, സി.വി. വർഗീസ്, സി. രവീന്ദ്രൻ, കന്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, സേവ്യർ കരണി, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചിരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ എന്നിവർ പ്രസംഗിച്ചു.