Kerala
തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം വർക്കലയിലേക്ക് തിരിച്ചുവരുന്നതിനിടയിൽ ചെറുന്നിയൂരിൽ വെച്ചായിരുന്നു ഈ അതിക്രമം ഉണ്ടായത്. റോഡിൽ ആംബുലൻസ് തടഞ്ഞുനിർത്തിയ യുവാവ് വാഹനത്തിന്റെ മുൻസീറ്റിലിരിക്കുകയായിരുന്ന ഷാനവാസിനോട് അകാരണമായി കയർക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
താൻ ഔദ്യോഗിക ഡ്യൂട്ടിയിലാണെന്ന് അറിയിച്ചിട്ടും യുവാവ് ആക്രോശിക്കുന്നത് തുടരുകയും, ഷാനവാസിന്റെ കൈയിൽ പിടിച്ച് വലിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ രോഗിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി കൈയേറ്റം നടത്തിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ഡല ജില്ലയിൽ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാൽ സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
എന്നാൽ അജിത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് കുടുംബം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിൽ ഓക്സിജൻ സൗകര്യം നൽകിയിരുന്നെങ്കിലും, യാത്രയ്ക്കിടയിൽ സിലിണ്ടറിലെ ഓക്സിജൻ തീർന്നുപോവുകയായിരുന്നു.
തുടർച്ചയായി ശ്വാസതടസം ഉണ്ടായിട്ടും കൃത്യസമയത്ത് ഓക്സിജൻ കിട്ടാതെ അജിത് പിതാവിന്റെ മടിയിൽ കിടന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ കന്നഡ ജില്ലയിൽ ആംബുലൻസിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയവർ പിടിയിൽ. ആംബുലൻസ് ഉപയോഗിച്ചാണ് ഇടപാടുകാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സംഘം ലഹരി എത്തിച്ച് നൽകിയിരുന്നത്. ബെൽത്തങ്ങാടി സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ജലീൽ ബാബ ഒളിവിലാണ്.
ശനിയാഴ്ച അണ്ണപ്പ സ്വാമി എന്നയാളെ എംഡിഎംഎയുമായി മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ബാഗൽകോട്ടിലെ ഒരു ലോഡ്ജിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെൽത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അൽഫാസ്, മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ ജലീൽ ബാബയ്ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രാദേശികമായി മയക്കുമരുന്ന് ഇടപാട് നടത്തിവന്നിരുന്ന ജലീൽ ബാബ, സാമൂഹിക സേവനത്തിന്റെ മറവിലാണ് താൻ ഓടിച്ചിരുന്ന ആംബുലൻസ് മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യാനും ഉപയോഗിച്ചിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
District News
കിഴക്കമ്പലം: തിരുവാണിയൂര്‍ പഞ്ചായത്തിന് ട്വന്റി 20 ആംബുലന്‍സും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി. തിരുവാണിയൂര്‍ നീറംമുകള് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ പ്രസിഡന്റ് റെജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബിന്‍സി സജീവ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ഏറ്റുവാങ്ങി.
ജിബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സൗജന്യ ആംബുലന്‍സ് സേവനത്തിന് 9400312020 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ് അറിയിച്ചു.
Kerala
ഗാന്ധിനഗർ: നിർത്തിയിട്ടിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കിടന്ന് ഓടുന്ന ആംബുലൻസിന്റെ ഡ്രൈവറായ ആറന്മുള ഇടശേരിമല ഏകോട്ട് പടിഞ്ഞാറേതിൽ ഷാരോൺ (29) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചേകാലോടെ മറിയപ്പള്ളിയിൽ വച്ചായിരുന്നു അപകടം.
മെഡിക്കൽ കോളജ് ആശുപതിയിൽ നിന്നു ഡിസ്ചാർജായ രോഗിയുമായി കരുനാഗപള്ളിക്ക് ഓട്ടം പോയി മടങ്ങുമ്പോൾ മറിയപള്ളിയിൽ വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
ചിങ്ങവനം പോലിസ് മെഡിക്കൽ കോളജിലെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്ലയിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേയാണ് പ്രസവം നടന്നത്. ഗണേഷ് സിംഗാരമിന്റെയും രജനി സിംഗാരാമിന്റെയും നാല് കുഞ്ഞുങ്ങളായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്.
യഥാസമയം ആംബുലൻസ് ലഭ്യമായിരുന്നെങ്കിൽ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. ഏഴാം മാസത്തിൽ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രജനിയെ ബന്ധുക്കൾ ആദ്യം ഘൂട്ടാസിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് യുവതിയെ ബിച്ചിയയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റലേക്ക് മാറ്റാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. തുടർന്ന് രജനിയെ ഓട്ടോറിക്ഷയിലാണ് ഇവിടേക്ക് കൊണ്ടുപോയത്. എന്നാൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്നതിന് മുൻപ് തന്നെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് രജനി നാല് കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ഒരു ആൺകുട്ടിക്കുമാണ് രജനി ജന്മം നൽകിയത്. പ്രസവകാലം തികയാതെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നും തൂക്കം കുറവായിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പ്രസവത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ച രജനി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ട്ല ജില്ലാ കളക്ടർ രാഹുൽ നാംദേവ് ധോട്ടെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ, അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
സുരട്ട്ഗഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആംബുലൻസ് നിയന്ത്രണംവിട്ട് സൈനിക ട്രക്കിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ശ്രീഗംഗാനഗർ ജില്ലയിലെ ഹിന്ദുമൽകോട്ട് പ്രദേശത്തുള്ള ചക്ക് ഫൈവ്ബി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെയും ആംബുലൻസുകളുടെയും മറവിൽ നടക്കുന്ന ലഹരി വിൽപ്പനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ലഹരിക്കടത്തുകാർക്കെതിരെ മന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ ജീവനക്കാരുടെ മറവിൽ ലഹരി മരുന്നുകൾ കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി കടത്താൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന്, ആംബുലൻസുകളെയും ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വഴി പിടിക്കപ്പെടുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ബാഹ്യ ശിപാർശകളും സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിമുക്ത കേരളത്തിനായി പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
District News
പനത്തടി: എൻഡോസൾഫാൻ രോഗികൾക്ക് ആശ്വാസമാകേണ്ട ആംബുലൻസ് വർഷങ്ങൾക്കിപ്പുറവും കട്ടപ്പുറത്ത് തന്നെ. ഇതേത്തുടർന്ന് പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് അനാഥപ്രേതം പോലെ കിടക്കുന്ന വണ്ടി മാറ്റിത്തരണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഓഫീസറുടെ കത്ത്. എൻഡോസൾഫാൻ രോഗികളെ വീടുകളിൽ നിന്ന് ആശുപത്രികളിലേക്ക് എത്തിക്കാനായി പനത്തടി പഞ്ചായത്തിന് 2012-ൽ സർക്കാർ അനുവദിച്ച ആംബുലൻസാണ് മൂന്നുവർഷമായി ആർക്കും ഉപകാരമില്ലാതെ ആശുപത്രി വളപ്പിൽ നാശമായി കിടക്കുന്നത്.
സ്ഥിരമായി അനങ്ങാതെ കിടക്കുന്നതിനാൽ വാഹനത്തിന്റെ യന്ത്രസാമഗ്രികൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും കൂടാതെ രാത്രികാലങ്ങളിൽ പട്ടി, പൂച്ച, എലി, ഇഴജന്തുക്കൾ തുടങ്ങിയവ വാഹനത്തിൽ കയറാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ഓഫീസറുടെ കത്തിൽ പറയുന്നു. ഒന്നുകിൽ ആംബുലൻസ് ഉപയോഗക്ഷമമാക്കണം അല്ലെങ്കിൽ ആശുപത്രി വളപ്പിൽനിന്ന് മാറ്റണം എന്നതാണ് ആവശ്യം.
എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തെന്ന പരിഗണന നൽകി ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സർക്കാർ ആംബുലൻസ് അനുവദിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ ചെലവിൽ ഡ്രൈവറെ നിയമിച്ച് കൃത്യമായി സർവീസും നടത്തിയിരുന്നു.
സംസ്ഥാന അതിർത്തിഗ്രാമവും കിഴക്കൻ മലയോര പഞ്ചായത്തുമായതിനാൽ ആംബുലൻസ് അനുവദിക്കുന്ന സമയത്ത് എൻഡോസൾഫാൻ രോഗികൾക്ക് ആവശ്യമില്ലാത്ത സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ മിനിമം തുക ഈടാക്കി മറ്റു രോഗികളെ ആശുപത്രികളിൽ എത്തിക്കാനും ഉപയോഗിക്കാനും സർക്കാർ അനുമതി ഉണ്ടായിരുന്നു.
ഈ ആംബുലൻസ് പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്കും അത്യാവശ്യഘട്ടങ്ങളിൽ മറ്റു രോഗികൾക്കും ഏറെ സഹായകമായിരുന്നു. പിന്നീട് വാഹനത്തിന് അടിക്കടി തകരാറുകൾ സംഭവിക്കാൻ തുടങ്ങിയതോടെയാണ് കട്ടപ്പുറത്തായത്. എത്രയും പെട്ടെന്ന് തകരാറുകൾ പരിഹരിച്ച് ആംബുലൻസ് ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ആക്കി തീർക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.
അടുത്ത പഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു.
Kerala
കോഴിക്കോട്: ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയായ വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുണ്ട്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെ കോട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം.
National
ലക്നോ: ഡൽഹിയിൽ നിന്നും മൃതദേഹവുമായി ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൗശാംബി ജില്ലയിലാണ് അപകടം.
ആംബുലൻസ് ഡ്രൈവറായ ഇറ്റാവ സ്വദേശി ആകാശ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രക്കിന്റെ പിറകിലേക്ക് ആംബുലൻസ് ഇടിച്ചുകയറിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഗണേഷ് മണ്ഡൽ (50) എന്നയാളുടെ മൃതദേഹവുമായി ഡൽഹിയിൽ നിന്നും ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ട്. ആകാശ്, ലളിത, മഞ്ജു, ഹർകു എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസിലുണ്ടായിരുന്ന ജാൻവി, അഞ്ജലി എന്നീ രണ്ട് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Kerala
കൽപ്പറ്റ: വയനാട്ടിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വെങ്ങപ്പള്ളിയിലുണ്ടായ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്താണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനുമാണ് മർദനമേറ്റത്.
കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കോറോത്ത് നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
Kerala
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.
കുന്നംകുളം ഡിവിഷൻ പോലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഎ കടത്ത് പിടികൂടിയത്. സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടികൂടി.
District News
തൃശൂർ: ആക്ട്സിന്റെ സ്ഥാപകരിൽ ഒരാളായ ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ അനുസ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബം ആക്ട്സ് തൃശൂർ ബ്രാഞ്ചിന് ആംബുലൻസ് സംഭാവന ചെയ്തു. പുത്തൻപള്ളിയിൽവച്ച് സ്ഥാപക പ്രസിഡന്റ് അൽകേഷ് കുമാർ ശർമയ്ക്കു ഫ്രാൻസിസ് ആലപ്പാട്ടിന്റെ സഹോദരൻ ജോൺസൺ താക്കോൽനൽകി.
മേയർ ഡോ. നിജി ജസ്റ്റിൻ, ആക്ട്സ് ജനറൽ സെക്രട്ടറി എം.കെ. വർഗീസ്, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ, അതിരൂപത വികാരി ജനറാൾ ഫാ. ജയ്സൺ കൂനംപ്ലാക്കൽ, ജൂബിലി മിഷൻ ഹോസ്പിറ്റൽ മുൻ ഡയറക്ടറും അതിരൂപത ഫിനാൻസ് ഓഫീസറുമായ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ രോഗിയുമായി പോയ ആംബുലൻസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി ആണ് മരിച്ചത്. വാര്യാപുരത്ത് ആയിരുന്നു അപകടമുണ്ടായത്.
രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഇടിച്ച് മറ്റൊരാൾക്കും പരിക്കുപറ്റി.ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തുകയായിരുന്നു. ആംബുലൻസിന്റെ സ്റ്റിയറിംഗ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
National
കോഴിക്കോട്: പേരാമ്പ്രയിൽ കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി പോലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും പിരിച്ചുവിട്ടു.
കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തിൽ കുറ്റക്കാരായ ആംബുലൻസ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരിച്ചു. "സ്വർൺ മംഗളം' മാസികയുടെ എഡിറ്ററായ ദീപക് സോണി ആണ് മരിച്ചത്.
റെയ്സണിൽ ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ദീപക്കിന് പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ദീപക് സോണിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരുൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത കാർഷിക പരിപാടിയുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടികൾക്കായി ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ വിന്യസിച്ചിരുന്നുവെന്നും ഇതുകാരണമാണ് തങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു.
എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചുവെന്നും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റെയ്സണിലെ മാധ്യമപ്രവർത്തകർ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.
എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്.
ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
District News
വടക്കാഞ്ചേരി/ചേലക്കര: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അറുപതുകാരനെ രക്ഷിക്കാൻ സ്വകാര്യബസ് ആംബുലൻസായി പാഞ്ഞെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
തിരുവില്വാമല - തൃശൂർ റൂട്ടിലോടുന്ന ഹരേകൃഷ്ണ ബസാണ് ഇന്നലെ രാവിലെ ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയത്. യാത്രയ്ക്കിടയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്ണനെ (പൊന്നു 62) രക്ഷിക്കാനാണ് ബസ് ജീവനക്കാരും യാത്രക്കാരും കൈകോർത്തത്.
ബസിൽ അടുത്തിരുന്നിരുന്ന ചേലക്കര സ്വദേശി ശങ്കറും തോന്നൂർക്കര സ്വദേശി പ്രസാദും ബാലകൃഷ്ണനു സുഖമില്ലെന്നറിഞ്ഞ് ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവർ അരുണും കണ്ടക്ടർ മനോജും ഒട്ടും വൈകാതെ, യാത്രക്കാരുടെ പൂർണസഹകരണത്തോടെ മറ്റുസ്റ്റോപ്പുകൾ ഒഴിവാക്കി വേഗത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം ബാലകൃഷ്ണനെ വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ അധികം വൈകാതെ ബാലകൃഷ്ണൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനാണ് ബാലകൃഷ്ണൻ. സംസ്കാരം ഇന്നു രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: അംബിക. മക്കൾ: അഭിജിത്, അഭിത. മരുമക്കൾ: പ്രകാശ്, ഐശ്വര്യ.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ മുൻവശത്തെ കവാടം ബസിനു കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രയ്ക്കിടയിൽ ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കേടുപാടുകളും സംഭവിച്ചു. എന്നാൽ, വാഹനത്തിനു കേടുപാടുകളുണ്ടായാൽ നന്നാക്കാമെന്നും ഒരു മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനാണ് തങ്ങൾ ഊന്നൽ നൽകിയതെന്നും ബസ് ജീവനക്കാർ പറഞ്ഞു.
District News
ചെറുതോണി: മൃതദേഹവുമായി വന്ന ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്നോവ കാറിലിടിച്ച് റോഡിൽ തലകീഴായി മറിഞ്ഞു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മീൻമുട്ടിക്ക് സമീപമാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ദാരുണസംഭവം. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് മൃതദേഹവുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ കാരിക്കോട് ആശുപത്രിയിൽ എത്തിച്ച മുരിക്കാശേരി സ്വദേശി മഠത്തിൽ നോബി (53) മരണപ്പെട്ടിരുന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് മരിച്ചതിനാൽ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് എതിരേ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ച ശേഷം റോഡിൽ തലകീഴായി മറിയുകയായിരുന്നു.
അപകടത്തത്തുടർന്ന് മറിഞ്ഞ ആംബുലൻസിൽനിന്നു പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറുതോണിയിൽനിന്ന് എത്തിച്ച മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചു.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിന്റെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കാൻ ഫിഷറീസ് വകുപ്പ് എംഡിയും ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞത്ത് എത്തി. അറ്റകുറ്റപ്പണിക്ക് ചുമതലപ്പെട്ട ആൽബർട്രോസ് കമ്പനി എംഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർച്ച് പത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി.
ഇതിനിടയിൽ ഓടാതെ കട്ടപ്പുറത്തായ ആംബുലൻസിലെ ജീവനക്കാർക്ക് കഴിഞ്ഞ നവംബർ മുതൽ ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ആംബുലൻസിന്റെ ക്യാപ്റ്റൻ വാൽത്യൂസ് തൊഴിലുപേക്ഷിച്ച് മടങ്ങി. പകരം മറ്റൊരാൾക്ക് ചുമതല നൽകിയിട്ടുണ്ട്.
കടപ്പുറത്തായ ആംബുലൻസിനെ അറ്റകുറ്റപ്പണിക്കായി മൂന്ന് മാസം എറണാകുളത്തെ ഡോക്കിൽ കൊണ്ടുപോയ കമ്പനി അധികൃതർ പണികൾ നടത്താതെ തിരികെ എത്തിച്ച് നടത്തിയ തട്ടിപ്പ് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത സംഘത്തിന്റെ വരവ്.
കടലിൽ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷക്കെന്ന പേരിൽ 2020-ൽ ആറരക്കോടിയോളം മുടക്കി വാങ്ങിയതാണ് മറൈൻ ആംബുലൻസ്. തുടക്കത്തിലെ പേരുദോഷം കേട്ട ആംബുലൻസ് കടലിൽ ഇറക്കി അഞ്ചു വർഷം തികയുന്നതിനിടയിൽ തന്നെ പഞ്ചറായി. വാർഷിക അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർഷംതോറും കൊണ്ടുപോകുമെങ്കിലും ഡോക്കിൽ കയറ്റി അടിത്തട്ടിൽ പറ്റിപ്പിടിച്ചിരുന്ന കക്ക പോലുള്ളവയെ തട്ടിക്കളഞ്ഞതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താതെയാണ് ആംബുലൻസിനെ വിഴിഞ്ഞത്ത് എത്തിക്കുന്നതെന്ന് വിഴിഞ്ഞത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇക്കുറി കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങൾ പുറത്തായത്.
ഏറ്റവും അത്യാവശ്യം വേണ്ടമുന്നറിയിപ്പ് സംവിധാനങ്ങളും റഡാർ സംവിധാനങ്ങളും ലൈറ്റിന്റെ പണികളും എല്ലാം അവതാളത്തിലായി. ഇവയെല്ലാം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമോ എന്നും കണ്ടറിയാം.
Kerala
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്ന ആംബുലൻസിന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് വഴിയൊരുക്കുന്നത്.
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്തത്. വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് ചരിത്രത്തിന്റെ ഭാഗമായി. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
Kerala
ആലുവ: കുടിവെള്ള ടാങ്കർ ലോറിയിൽ ആംബുലൻസ് ഇടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
കാലടി മരോട്ടിച്ചോട് വാളാഞ്ചേരി സ്വദേശിയായ എസ്തപ്പാൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ പുളിഞ്ചോട്ടിലാണ് അപകടം നടന്നത്.
ന്യൂമോണിയയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുൻപ് എസ്തപ്പാനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മാറാതിരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ആംബുലൻസ് ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ നാലു പേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും എസ്തപ്പാൻ വൈകുന്നേരം മൂന്നോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.
ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.
ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.
Leader Page
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോളിയൻ ചക്രവർത്തിയുടെ ആർമിയിലെ പ്രധാന സർജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറാണ് ലാറി. ‘ആധുനിക ആംബുലൻസ് സേവനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്നയാൾ. നെപ്പോളിയന്റെ പടയോട്ടത്തിനിടെ പരിക്കേറ്റ സൈനികരെ യുദ്ധക്കളത്തിൽനിന്ന് വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി ‘ഫ്ലൈയിംഗ് ആംബുലൻസ്’ എന്ന ആശയം കൊണ്ടുവന്നു. ഇത് ആധുനിക ആംബുലൻസ് സംവിധാനങ്ങളുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.
മുറിവേറ്റവരെ ഉടനടി ചികിത്സിക്കുന്നതിനും യുദ്ധക്കളത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനും ട്രയേജ് സമ്പ്രദായം നടപ്പിലാക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. ട്രയേജ് എന്നതു പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയ്ക്കനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ്.
ആധുനിക ചികിത്സയിൽ ആംബുലൻസുകൾക്കു വലിയ പങ്കുണ്ട്. കേരളത്തിൽ നിലവിൽ 9,335 ആംബുലൻസ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരിയേക്കാൾ 27 മടങ്ങ് കൂടുതൽ. ദേശീയ നിലവാരമനുസരിച്ച് ഒരു ലക്ഷം പേർക്ക് ഒരു ആംബുലൻസ് മതി. കേരളത്തിലെ കണക്ക് ഓരോ 3,717 പേർക്കും ഒരു ആംബുലൻസ് എന്നാണ്.
ആംബുലൻസ് സേവനങ്ങളെന്നാൽ ആശുപത്രിക്കു പുറത്തുള്ള സ്ഥിതിഗതികൾ വിലയിരുത്തൽ, വൈദ്യപരിചരണം, ചികിത്സ, ആവശ്യമെങ്കിൽ പരിക്കുകളോ അസുഖങ്ങളോ ഉള്ള രോഗികളുടെ സഞ്ചാരത്തെ സഹായിക്കുക എന്നിവയൊക്കെയാണ്. എമർജൻസി മെഡിക്കൽ സർവീസുകളുടെ (ഇഎംഎസ്) സംഘാടനവും ആംബുലൻസ് ജീവനക്കാരുടെ കഴിവും ഔപചാരികമായ റോളുകളും ആഗോളതലത്തിൽ വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ, അഗ്നിശമന സേനയുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ഭാഗമായാണ് ഇഎംഎസ് പ്രവർത്തിക്കുന്നത്. മറ്റുള്ളവയിൽ, ഹോസ്പിറ്റൽ എമർജൻസി സർവീസുകളുടെ ഭാഗമാണ്. ആംബുലൻസ് ജീവനക്കാരിൽ സന്നദ്ധപ്രവർത്തകർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, നഴ്സുമാർ, അല്ലെങ്കിൽ മെഡിക്കൽ ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ടേക്കാം.
മിക്കപ്പോഴും, പ്രീ-ഹോസ്പിറ്റൽ സമയം കുറയ്ക്കാനാണ് ആംബുലൻസ് ഡ്രൈവർമാർ ശ്രമിക്കുക. ഇതിനായി ഏറ്റവും വേഗമേറിയ റൂട്ട് തെരഞ്ഞെടുക്കേണ്ടിവരുന്നു. അത് ഏറ്റവും ഹ്രസ്വമായ റൂട്ട് ആയിരിക്കണമെന്നില്ല. റോഡിന്റെ അവസ്ഥ, കാലാവസ്ഥ, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കണക്കിലെടുക്കുന്പോഴും റൂട്ട് അനുയോജ്യമായിരിക്കണം. ഇക്കാര്യങ്ങളിൽ ആംബുലൻസ് ഡ്രൈവറെ പിന്തുണയ്ക്കാൻ നാവിഗേഷൻ സംവിധാനങ്ങൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. കൂടാതെ, പ്രീ ഹോസ്പിറ്റൽ സമയം, ദിവസത്തിന്റെ ഏതു സമയത്താണ് രോഗിയുമായി യാത്ര തിരിക്കുന്നത്, ഏറ്റവും തിരക്കുള്ള സമയം എന്നിവ കണക്കാക്കാനും ലൈറ്റുകളും സൈറണുകളും ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാനും ആംബുലൻസ് ഡ്രൈവർക്ക് സാധിക്കണം. ട്രാഫിക്കിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കുന്നതിന് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കാറുണ്ട്. ഗുരുതര രോഗികളെയും നവജാതശിശുക്കളെയും എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവർക്കു ബാധ്യതയുണ്ട്. എന്നിരുന്നാലും, സൈറണുകളുടെയും ലൈറ്റുകളുടെയും ഉപയോഗം അപകടസാധ്യത കൂട്ടിയേക്കാം. അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്കു മാത്രമായി ലൈറ്റുകളുടെയും സൈറണുകളുടെയും ഉപയോഗം സംവരണം ചെയ്യണം.
റോഡിന്റെ ഗുണനിലവാരം പ്രധാനം
ആംബുലൻസ് ഓടിക്കുന്ന രീതിയും പ്രധാനമാണ്. വേഗം കൂട്ടൽ-കുറയ്ക്കൽ, തിരിയൽ, സ്പീഡ് ബമ്പുകളിലേക്കും മറ്റ് റോഡ് ബ്ലോക്കുകളിലേക്കും ക്രമീകരിക്കൽ. റോഡിന്റെ ഗുണനിലവാരം രോഗിയുടെ ആരോഗ്യനിലയെ നേരിട്ട് ബാധിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ ഉള്ളപോലെ പ്രത്യേക ആംബുലൻസ് വഴികൾ നമ്മുടെ നാട്ടിലില്ല. അസാധാരണ ഇളക്കങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിംഗ്, അവിചാരിതമായ വേഗംകൂട്ടൽ എന്നിവ പരിക്കുകൾക്ക് കാരണമാവും. കൂടാതെ, നിലവിലുള്ള രോഗാവസ്ഥയുടെ ആക്കം കൂട്ടും. ആംബുലൻസിന്റെ ഹോൺ ശബ്ദം അധിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ആരോഗ്യപരമായ പരിചരണം
നട്ടെല്ലിനു പ്രശ്നമുള്ള രോഗികൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആംബുലൻസിൽ നല്കുന്ന മെഡിക്കൽ പിന്തുണയെയും ഡ്രൈവിംഗ് ബാധിച്ചേക്കാം. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുന്നതിനെയും അതിന്റെ ഗുണനിലവാരത്തെയും അമിതവേഗം, തിരിയുക, അല്ലെങ്കിൽ റോഡ് ബമ്പുകൾ മുറിച്ചുകടക്കുക തുടങ്ങിയ ഡ്രൈവിംഗ് അവസ്ഥകൾ പ്രതികൂലമായി ബാധിക്കും. യാത്രയ്ക്കിടെ രോഗിയുമായി ഡ്രൈവറും ഇഎംഎസ് ഉദ്യോഗസ്ഥരും വ്യക്തമായി സംസാരിക്കുന്നത് രോഗിയുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നു. അത്യാഹിതഘട്ടങ്ങളിലുള്ള മരുന്നുകളെല്ലാം കൃത്യമായ അളവിലുണ്ടെന്ന് യാത്ര തുടങ്ങുംമുന്പ് ഉറപ്പുവരുത്തേണ്ടതുണ്ട്.
സുരക്ഷ
ആംബുലൻസ് യാത്ര റോഡിലുള്ള മറ്റു വാഹനങ്ങളേയും കാൽനടക്കാരെയുമൊക്കെ ബാധിക്കും. രോഗിയുടെ സ്ഥിതി മോശമാകുന്നതിനനുസരിച്ച് ആംബുലൻസിന്റെ വേഗം കൂട്ടുന്പോൾ അപകടസാധ്യത ഏറുന്നു. രോഗിയെ ആശുപത്രിയിലാക്കി അടുത്ത രോഗിയെ എടുക്കാനുള്ള തത്രപ്പാടുമൂലവും ഡ്രൈവിംഗ് അപകടകരമായെന്നും വരാം.
പെട്ടെന്നുള്ള അസ്വാഭാവിക സാഹചര്യങ്ങൾ ചിലപ്പൊഴെങ്കിലും ഡ്രൈവർമാരെ ബാധിക്കാറുണ്ട്. ആംബുലൻസിൽ കൊണ്ടുപോകുന്ന നവജാതശിശു ആശുപത്രിയിലെത്തുംമുന്‍പെ മരിച്ചുപോയാൽ അത് നേരിൽ കാണുന്പോഴുണ്ടാകുന്ന മാനസികസംഘർഷം പിന്നീടുള്ള ദൈനംദിന ജോലിയെ ബാധിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ ഡ്രൈവർമാർക്ക് ഇടവേളകൾ ലഭിക്കേണ്ടതുണ്ട്. ഉറക്കമിളച്ചുള്ള പാച്ചിലുകളും ഏറെ വൈകിയുള്ള ഭക്ഷണവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഒഴിവാക്കേണ്ടതുണ്ട്.
ഏതൊരു ഡ്രൈവർക്കും ഓടിക്കാൻ പറ്റുന്ന വാഹനമല്ല ആംബുലൻസ്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം ഇവർക്ക് രോഗീപരിചരണ സന്നദ്ധതയും സഹാനുഭൂതിയും സ്നേഹവും വിശ്വാസ്യതയും ഡ്രൈവിംഗിൽ പ്രാവീണ്യവും വേണം. രോഗീപരിചരണത്തിൽ ആരോഗ്യമേഖലയിലെ ഓരോ പ്രവർത്തകരും മുന്നിട്ടുനിൽക്കുമ്പോൾ വളയം പിടിക്കുന്ന ഈ മാലാഖമാരെ നാം ഒരിക്കലും മറക്കരുത്.
കോവിഡ് കാലത്തും മറ്റു സമയങ്ങളിലും ആംബുലൻസ് ഡ്രൈവർമാർ നൽകിയ
സ്തുത്യർഹമായ സേവനം മറക്കാനാകില്ല. എന്നാൽ, ചില കാര്യങ്ങളിൽ ഇവർക്കും
മാർഗനിർദേശങ്ങൾ അത്യാവശ്യമാണ്.
1. എല്ലാ ആംബുലൻസുകളിലും ജീവൻരക്ഷാഉപകരണങ്ങളും മരുന്നുകളും കരുതണം.
2. രോഗികളെ കൊണ്ടുപോകുമ്പോഴല്ലാതെ സൈറൺ മുഴക്കാനോ ഹോൺ അടിക്കാനോ അമിതവേഗത്തിൽ പോകാനോ പാടില്ല.
3. റോഡപകടത്തിൽപ്പെടുന്ന ആൾക്ക് പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ മാത്രമല്ല, പൊതുസമൂഹവും അടിയന്തര ചികിത്സയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
4. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ഹോൺ അടിച്ച്, സൈറൺ മുഴക്കി, അമിതവേഗത്തിൽ പോയി മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊണ്ടുപോകുന്ന ആ മൃതദേഹത്തോട് കാണിക്കുന്ന മര്യാദകൂടിയാണ് ശാന്തമായി വാഹനമോടിക്കുന്നത്.
5. ആംബുലൻസ് ഡ്രൈവർമാർക്ക് രോഗീപരിചരണത്തെക്കുറിച്ചും വേഗനിയന്ത്രണത്തെക്കുറിച്ചും ശബ്ദമലിനീകരണത്തെക്കുറിച്ചും സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകണം. ഇവ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെ അനുമോദിക്കണം. അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകണം. ഇവ പാലിക്കാത്തവരെ, അവർക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ കൊടുത്തുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ മാറ്റണം.