പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്ലയിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേയാണ് പ്രസവം നടന്നത്. ഗണേഷ് സിംഗാരമിന്റെയും രജനി സിംഗാരാമിന്റെയും നാല് കുഞ്ഞുങ്ങളായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്.
യഥാസമയം ആംബുലൻസ് ലഭ്യമായിരുന്നെങ്കിൽ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. ഏഴാം മാസത്തിൽ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രജനിയെ ബന്ധുക്കൾ ആദ്യം ഘൂട്ടാസിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് യുവതിയെ ബിച്ചിയയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റലേക്ക് മാറ്റാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. തുടർന്ന് രജനിയെ ഓട്ടോറിക്ഷയിലാണ് ഇവിടേക്ക് കൊണ്ടുപോയത്. എന്നാൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്നതിന് മുൻപ് തന്നെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് രജനി നാല് കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ഒരു ആൺകുട്ടിക്കുമാണ് രജനി ജന്മം നൽകിയത്. പ്രസവകാലം തികയാതെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നും തൂക്കം കുറവായിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പ്രസവത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ച രജനി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ട്ല ജില്ലാ കളക്ടർ രാഹുൽ നാംദേവ് ധോട്ടെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ, അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.