വീണ ടി. ഇഡി ഓഫീസിൽ ഹാജരാകാനെത്തിയപ്പോൾ (File photo)
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഇഡി സംഘം പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജുകളുടെ പരിധിയിലുള്ള ടി. വീണയുടെ പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ തിരക്കിയാണ് ചൊവ്വാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എത്തിയത്.
രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസർ ഐ. നെഷീനയെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങി.
സിഎംആർഎൽ-എക്സോലോജിക് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇഡി സംഘം വീണയെ ഇതുവരെ രണ്ടുതവണകളായി 19 മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നാംതവണ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഭൂമിയുടെ വിശദാംശങ്ങൾ തേടിയതെന്നാണ് സൂചന.
Tags : ED Pinarayi Veena Vijayan Assets