കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്ന ആംബുലൻസിന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് വഴിയൊരുക്കുന്നത്.
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്തത്. വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് ചരിത്രത്തിന്റെ ഭാഗമായി. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.