Kerala
കണ്ണൂർ: നടക്കുന്നതിനേക്കാൾ ഉത്തമം നീന്തലാണത്രേ. വിഷയം വ്യായാമത്തെ കുറിച്ചല്ല, പിച്ചവച്ച് തുടങ്ങും മുൻപ് പള്ളിക്കുന്ന് തയ്യിൽ കുളത്തിലെ നീന്തൽ താരമായ ലുആൻ എന്ന 11 മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചാണ്.
കഴുത്തിൽ എയർബാഗിട്ട് തയ്യിൽ കുളത്തിൽ നീന്തുന്ന ലുആൻ വെള്ളത്തെയും അതിന്റെ ആഴത്തെയും തെല്ലും പേടിക്കുന്നില്ലെന്നതാണ് കണ്ട് നിൽക്കുന്നവരിൽ പോലും ആശ്ചര്യം ഉണർത്തുന്നത്. ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദിപിന്റെയും നർത്തകിയായ ലക്ഷ്മിശ്രീയുടെയും മകനാണ് ലുആൻ.
രണ്ടു വർഷം മുന്‍പ് അമ്മ ലക്ഷ്മിശ്രീ നീന്തൽ പഠിച്ച പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ തന്നെയാണ് ലുആന്റെയും നീന്തൽ പരിശീലനം. ലക്ഷ്മിശ്രീയെ നീന്തൽ പഠിപ്പിച്ച സ്വിമ്മിംഗ് വേവ്സ് കൂട്ടായ്മയാണ് പിഞ്ചുകുഞ്ഞിനെയും പരിശീലിപ്പിക്കുന്നത്.
കുളക്കരയിൽ എത്തുന്പോൾ തന്നെ ലുആൻ കൊകൊട്ടി ചിരിച്ച് സന്തോഷം പ്രകടിപ്പിക്കും. കുഞ്ഞിന്റെ കഴുത്തിൽ എയർബാഗ് ഘടിപ്പിച്ച് വെള്ളത്തിലിറക്കിയാൽ പിന്നെ മുന്നോട്ടും പിന്നോട്ടും കൈകാൽ തുഴഞ്ഞ് ചിരിച്ചുല്ലസിച്ച് നീന്തൽ തുടങ്ങും. കരച്ചിലോ മടുപ്പോ ഇല്ലാതെ, എത്ര സമയം വേണമെങ്കിലും കുളത്തിൽ കഴിയുന്നതിന് തരിന്പ് പോലും പേടിയില്ല.
പ്രസവത്തിന്റെ മൂന്നു ദിവസം മുന്‍പു വരെ താൻ നീന്തിയിരുന്നുവെന്നും കുഞ്ഞിനെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മിശ്രീ പറയുന്നു. ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ എന്നു ചോദിക്കുന്നവരോട് ഇതിലും നേരത്തെ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നുവെന്ന് ലക്ഷ്മിശ്രീ വ്യക്തമാക്കി.
Viral
ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗ്രീസിൽ നിന്നൊരു അപൂർവ്വ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ അതിർത്തിക്കുള്ളിൽ കയറുന്ന തെരുവ് നായകളെ കടിച്ചുകീറാൻ മടിക്കാത്ത കാട്ടുചെന്നായകൾ, ഒരു കുഞ്ഞു നായക്കുട്ടിയെ സ്വന്തം മകനെപ്പോലെയാണ് നോക്കുന്നത്. മധ്യ മാക്കഡോണിയയിലെ വനമേഖലയിലാണ് ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ഏകദേശം നാല് മാസം മാത്രം പ്രായമുള്ള, ഒരു കുഞ്ഞു തെരുവ് നായക്കുട്ടിയാണ് ഇപ്പോൾ ഈ ചെന്നായക്കൂട്ടത്തിലെ താരം. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി അവൻ കാട്ടിലെ ഈ ചെന്നായ കുടുംബത്തോടൊപ്പമാണ് താമസം.
ഗവേഷകർ ഡ്രോൺ വഴി പകർത്തിയ ദൃശ്യങ്ങൾ വന്യജീവി പ്രേമികളുടെ നെഞ്ചുലയ്ക്കുകയാണ്. വെളുത്ത നായക്കുട്ടി ആ കൂട്ടത്തിലെ പ്രധാന പെൺചെന്നായയെ സ്വന്തം അമ്മയെപ്പോലെയാണ് പിന്തുടരുന്നത്. പുലർച്ചെ സമയങ്ങളിൽ തങ്ങൾ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 450 മീറ്റർ അകലെയുള്ള ഒരു നീരുറവയിലേക്ക് ഈ പെൺചെന്നായ നായക്കുട്ടിയെ വഴിനടത്തിക്കൊണ്ടുപോകും. വഴിമധ്യേ അവൾ ഇരതേടുമ്പോൾ നായക്കുട്ടി യാതൊരു ഭയവുമില്ലാതെ ക്ഷമയോടെ വഴിയിൽ കാത്തുനിൽക്കും. അവർ വെള്ളക്കെട്ടിന് അടുത്തെത്തിയാലുടൻ അവൻ ഓടിച്ചെന്ന് വെള്ളം കുടിക്കുന്നതും ഒക്കെയാണ് പകർത്തിയ ദൃശ്യങ്ങളിൽ കാണുന്നത്.
വെള്ളം കുടിച്ച് കഴിഞ്ഞ് മിനിറ്റുകൾക്കകം ആ കൂട്ടത്തിലെ പ്രധാന ആൺചെന്നായ കിലോമീറ്ററുകൾ അകലെ നിന്ന് രണ്ട് വലിയ എല്ലിൻകഷ്ണങ്ങൾ കടിച്ചെടുത്ത് ഈ നായക്കുട്ടിയുടെ മുന്നിൽ കൊണ്ടുവെച്ചുകൊടുത്തു! നായക്കുട്ടി അത് കഴിക്കുന്നത് ചെന്നായകൾ നോക്കിനിൽക്കുകയായിരുന്നു.
ഗ്രീസിലെ അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ തിയോഡോറോസ് കോമിനോസ് ഒരു വർഷമായി ഈ ചെന്നായക്കൂട്ടത്തെ നിരീക്ഷിച്ചുവരികയാണ്. "ഇത് വന്യജീവി ചരിത്രത്തിൽ തന്നെ മുൻപില്ലാത്തൊരു സംഭവമാണ്. ഈ കഥ എങ്ങനെ അവസാനിക്കുമെന്നോ അവൻ എത്രനാൾ അവരുടെ കൂടെയുണ്ടാകുമെന്നോ അറിയില്ല. പക്ഷേ ഒന്നുറപ്പാണ്, ചെന്നായക്കൂട്ടം അവനെ വെറുതെ സഹിക്കുക മാത്രമല്ല ചെയ്യുന്നത്, ആ മാതാപിതാക്കൾ അവന് പ്രത്യേക സ്നേഹവും സംരക്ഷണവും നൽകുന്നുണ്ട്. അവന്റെ വയറിന്റെ വലിപ്പം കണ്ടാൽ അറിയാം ചെന്നായകൾ അവനെ പട്ടിണിക്കിടുന്നില്ല എന്നാണ് അദ്ദഹം കുറിച്ചത്.
ഈ ചെന്നായക്കൂട്ടം ഒരു നായക്കുട്ടിയെ കൂടെക്കൂട്ടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ശീതകാലത്ത് ഒരു കറുത്ത നായക്കുട്ടിയെ ഇവർ ഇതുപോലെ ദത്തെടുത്തിരുന്നു. എന്നാൽ കടുത്ത തണുപ്പും മഴയും താങ്ങാൻ കഴിയാത്തത്ര ചെറിയ കുട്ടിയായിരുന്നതുകൊണ്ട് ആ പാവം അധികം വൈകാതെ ചത്തുപോവുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ഈ വെളുത്ത നായക്കുട്ടിയെ അവർ പൊന്നുപോലെ നോക്കുന്നത്.
പരിണാമപരമായി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞതാണെങ്കിലും നായകളുടെയും ചെന്നായകളുടെയും ജനിതകഘടന 99.9% സമാനമാണ്. ഗ്രീസിൽ ദശലക്ഷക്കണക്കിന് തെരുവ് നായകൾ ഉള്ളതുകൊണ്ട് ഇവ തമ്മിൽ കാട്ടിൽ വെച്ച് സമ്പർക്കമുണ്ടാകുന്നത് സാധാരണമാണെങ്കിലും, ഒരു നായക്കുട്ടിയെ ചെന്നായകൾ ഇങ്ങനെ സ്നേഹത്തോടെ വളർത്തുന്നത് വന്യജീവി ലോകത്തെ ഏറ്റവും അപൂർവ്വമായ കാഴ്ചകളിൽ ഒന്നാണ്!
District News
കൊച്ചി: രൂപത്തിലും വലുപ്പത്തിലും കൗതുകമായി അപൂര്‍വ മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം. കരിം എന്നയാള്‍ വാങ്ങിയ പത്തു മുട്ടകളിലൊന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ വാഹനത്തില്‍ നിന്ന് കരീം വാങ്ങിയത്.
ഈ മുട്ട മറ്റ് മുട്ടകളെ അപേക്ഷിച്ച് വലിപ്പവും നിറ വ്യത്യാസവും കണ്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. മുട്ടയുടെ മധ്യഭാഗത്ത് ഒരു ജോയിന്റ് പോലെയും കാണാന്‍ സാധിക്കും. ഈ മുട്ട എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ലാബ് ടെസ്റ്റിന് വിധേയമാക്കിയാലോ എന്നും പരിശോധിച്ചു വരികയാണെന്നും കരിം പറഞ്ഞു.
Kerala
ചങ്ങരംകുളം (മലപ്പുറം): 14 മില്ല്യണ്‍ കാഴ്ചക്കാരുമായി കേരളം വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒരു ചിരി വീഡിയോ. പൂക്കി വീഡിയോ എന്ന ടാഗിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കകം ഷെയര്‍ ചെയ്തത്. ഇതോടെ വീഡിയോയ്ക്കു പിന്നിലാരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയക്ക് ഒപ്പം മാധ്യമങ്ങളും അന്വേഷണം തുടങ്ങി. ഒടുവില്‍ വൈറല്‍ വീഡിയോയുടെ നിര്‍മാതാവിനെ കണ്ടെത്തി.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര മരംവെട്ടിച്ചാല്‍ സ്വദേശി ജമാലുദീന്റെ മകന് ഫിജിൻ ആയിരുന്നു ആ വൈറല്‍ വീഡിയോയുടെ സ്രഷ്ടാവ്. മൂന്നു വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തു വരികയാണ് 23കാരനായ ഫിജിന്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഫിജിന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടയിലാണ് പിറകില്‍ നിന്ന ഫിജിന് അപ്രതീക്ഷിതമായി ചോദ്യം ചോദിച്ചത്.
ആ ചോദ്യം, ഉത്തരം
ഇനി മുതല്‍ വാഹനങ്ങള്‍ മോഡിഫിക്കേഷന് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ഫിജിന്റെ ചോദ്യം. ചോദ്യത്തിനു കുട്ടികളോടെന്ന പോലെ വാത്സല്യപൂര്‍വം മുഖ്യമന്ത്രി വി.ഡി. സതീശന് തലയാട്ടി ഒരു ചിരി ചിരിച്ചതാണ് ഫിജിന് പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഇവരുടെ 'നീലക്കുയില്‍' എന്ന ഇന്‍സ്റ്റ പേജില്‍ ഷെയര്‍ ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. ഇവരുടെ വീഡിയോ വിവിധ ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോമുകളിലൂടെയും കേരളം മുഴുവന്‍ ഓടിനടന്നു.
ട്രോളന്മാര് ഏറ്റെടുത്തു വിവിധ ആംഗിളുകളില്‍ ട്രോളുകള്‍ ഇറക്കി. വീഡിയോ മുഖ്യമന്ത്രിയുടെ മൊബൈലിലും എത്തി. പൂക്കികളുടെ മുഖ്യമന്ത്രി എന്ന പേരില്‍ കേരളം മുഴുവന്‍ വൈറലായ വീഡിയോ കണ്ടിരുന്നോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറ്റൊരു ചിരിയിലൂടെ മറുപടി നല്കി. കുട്ടികള്‍ ചോദിച്ച ചോദ്യം എന്ന നിലയില്‍ കുട്ടികള്‍ക്കായി മുഖത്ത് കാണിച്ച എക്സ്പ്രഷന്‍ ആണ് അവന് എഡിറ്റ് ചെയ്തെന്നും പോസിറ്റീവ് ആണെന്നും സന്തോഷമായെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.
വലിയ സന്തോഷത്തിൽ
വീഡിയോ എടുക്കാന്‍ പോയതല്ലെന്നും മുഖ്യമന്ത്രിയായ വി.ഡി. സതീശനെ കാണാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും വളരെ യാദൃച്ഛികമായി മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ ചോദിച്ച ചോദ്യവും അതിനു നല്കിയ മറുപടിയുമാണ് വൈറലായതെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഫിജിന് പറഞ്ഞു. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവര്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രിയെ കാണാൻ വരാമെന്നു പറഞ്ഞതായും മലപ്പുറം സ്വദേശിയായ ഫിജിന് "ദീപിക ഒാൺലൈനി'നോടു പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള സ്നേഹപൂർവമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇരുവരും തമ്മിൽ പാർലമെന്റിലും പുറത്തും വാക്പോര് രൂക്ഷമായതിനിടെയാണ് ഇന്നലെ പാർലമെന്റ് സമുച്ചയത്തിലെ ഒരു ചടങ്ങിലും മോദിയും രാഹുലും പരസ്യമായി സൗഹൃദം പങ്കുവച്ചത്.
ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രാഷ്ട്രീയവൈര്യം മറന്ന് സംസാരിച്ചത്.
സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. രാഹുലിനെ കണ്ട് മോദി അഭിവാദ്യം ചെയ്യുന്നതും ഇരുവരും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
National
മുംബൈ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. മുംബൈ സ്വദേശിയായ യാത്രക്കാരൻ ഭക്ഷണത്തിലെ പാറ്റയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചതോടെ റെയിൽവെ കരാറുകാരനെതിരെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. താൻ യാത്ര ചെയ്ത കോച്ചിൽ ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വ്യക്തമാക്കി.
കാരാറുകാരന് 10 ലക്ഷം രൂപ പിഴയും റെയിൽവെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവത്കരിക്കുന്നതിനായി ഒരുക്കിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.
വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തേ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേല്‍ക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ‘ഇത് നിന്റെ വോട്ടാണ്, നമ്മുടെ നാടിന് വേണമീ വോട്ട്...’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.
തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.എസ്. സരിന്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്.ബി., ദേവിക അനില്‍, എല്‍. ദീപ, എം.എസ്. അനീഷ്, അഭിജിത്ത്, അശ്വിന് എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു.
വീഡിയോ ലിങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/
Viral
ലണ്ടൻ: യൂറോപ്പിനെ അമ്പരപ്പിച്ച് വൻ ചോക്ലേറ്റ് മോഷണം. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രക്കിൽ നിന്ന് ഏകദേശം 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷ്ടാക്കൾ കവർന്നത്. 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണിയിലെത്തിക്കാൻ കൊണ്ടുപോയ ഷിപ്മെന്റാണ് മോഷണം പോയത്.
എന്നാൽ ഈ വൻ മോഷണവാർത്തയേക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് കിറ്റ്കാറ്റ് കമ്പനി ഇതിനോട് പ്രതികരിച്ച രീതിയാണ്. തങ്ങളുടെ പ്രശസ്തമായ 'ഹാവ് എ ബ്രേക്ക്' എന്ന ടാഗ്ലൈൻ ഉപയോഗിച്ച് കിറ്റ്കാറ്റ് നടത്തിയ തമാശ കലർന്ന പ്രതികരണം നിമിഷനേരം കൊണ്ട് വൈറലായി. "ഞങ്ങൾ എപ്പോഴും ആളുകളോട് ഒരു ബ്രേക്ക് എടുക്കാൻ പറയാറുണ്ട്, എന്നാൽ മോഷ്ടാക്കൾ അത് അക്ഷരാർത്ഥത്തിൽ എടുത്ത് 12 ടൺ ചോക്ലേറ്റുമായി മുങ്ങിക്കളഞ്ഞു എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
കിറ്റ്കാറ്റിന്റെ ഈ പോസ്റ്റിന് പിന്നാലെ ലോകപ്രശസ്തമായ മറ്റ് ബ്രാൻഡുകളും ഈ 'ട്രോൾ' യുദ്ധത്തിൽ പങ്കുചേർന്നു. തങ്ങൾ പുതിയ 'കിറ്റ്കാറ്റ് പിസ്സ' വിൽക്കാൻ തുടങ്ങുകയാണെന്ന് ഡൊമിനോസും, തങ്ങളുടെ 12-ാമത്തെ രഹസ്യ ചേരുവ പരീക്ഷിക്കാൻ എടുത്തതാണെന്ന് കെഎഫ്സിയും പരിഹസിച്ചു. മൈക്രോസോഫ്റ്റ്, സെവൻ ഇലവൻ തുടങ്ങിയ വമ്പന്മാരും ഈ തമാശയിൽ പങ്കുചേർന്നതോടെ സംഭവം ആഗോളതലത്തിൽ ചർച്ചയായി.
രസകരമായ മറ്റൊരു കാര്യം, ഈ ചർച്ചയിൽ കേരള ടൂറിസവും ഇടംപിടിച്ചു എന്നതാണ്. ചോക്ലേറ്റ് മോഷ്ടാക്കൾ കേരളത്തിലെ കായലുകളിലോ ബീച്ചുകളിലോ എത്തിയിട്ടില്ലെന്നും, യഥാർത്ഥത്തിലൊരു 'ബ്രേക്ക്' എടുക്കാൻ മോഷ്ടാക്കൾക്കും മറ്റുള്ളവർക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാമെന്നും കേരള ടൂറിസം കുറിച്ചു.മോഷണം പോയ ചോക്ലേറ്റുകൾ കണ്ടെത്താൻ ഓരോ പാക്കറ്റിലുമുള്ള ബാച്ച് കോഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് നിർമ്മാതാക്കളായ നെസ്ലെ അറിയിച്ചു. വിപണിയിൽ ചോക്ലേറ്റ് ദൗർലഭ്യം ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
International
ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില്‍ നായ്ക്കളുടെ സുരക്ഷാര്‍ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില്‍ കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.
Movies
മുംബൈ: സൂപ്പര്‍താരജോഡികളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉദയ്പുരിലെ രാജകീയ വിവാഹച്ചടങ്ങുകള്‍ക്കും സുഹൃത്തുക്കള്‍ക്കായി നടത്തിയ വിരുന്നിനുംശേഷം ഇരുവരും പറന്നത് തായ്ലന്‍ഡിലേക്കാണ്. തായ്ലന്ഡിലെ കോ സമുയിലുള്ള വില്ലയാണു താരങ്ങള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത്.
ആഡംബര റിസോര്‍ട്ടുകള്‍ ഒഴിവാക്കി, കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മനോഹരമായ ഒരു സ്വകാര്യ വില്ലയിലാണ് ഇരുവരുമുള്ളത്. പ്രകൃതിഭംഗി നിറഞ്ഞ പശ്ചാത്തലത്തില്‍, കാഷ്വല്‍ വസ്ത്രങ്ങളില്‍ പരസ്പരം നോക്കി നില്ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു. താരങ്ങള്‍, തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ, ലളിതവും ഹൃദ്യവുമായ അന്തരീക്ഷമാണ് തെരഞ്ഞെടുത്തത്.
രാജസ്ഥാനിലെ ഉദയ്പുരില്‍ ഫെബ്രുവരി 26-ന് ആയിരുന്നു താരവിവാഹം. വിവാഹത്തിനു പിന്നാലെ മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വലിയവിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ വ്യത്യസ്തമായ വഴിയാണ് ഇരുവരും തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും മധുരപലഹാരങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് ഞങ്ങളുടെ വിവാഹവും നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...- എന്ന് കുറിച്ചുകൊണ്ട് മാര്‍ച്ച് ഒന്നിന് രാജ്യം മുഴുവന്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഹൈദരാബാദ്, കൊച്ചി, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങി നിരവധി നഗരങ്ങളില്‍ ട്രക്കുകളിലായി മധുരപലഹാരങ്ങള്‍ എത്തിച്ചതിനൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനവും താരങ്ങള്‍ നടത്തി.
National
ഹൈദരാബാദ്: തെലങ്കാനയിൽ തുറക്കാത്ത ബിയർ കുപ്പിയിൽ ജീവനുള്ള മീൻ. ഹൈദരാബാദിലെ മല്ലാപ്പുരിലാണ് വിചിത്ര സംഭവം നടന്നത്. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്ന് വാങ്ങിയ ബിയറിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിയർ വാങ്ങിയ മധ്യവയസ്കൻ കുപ്പി തുറക്കുന്നതിന് മുൻപ് ഉള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
ഇതേ തുടർന്ന് ഇയാൾ ബിയറുമായി മദ്യഷാപ്പിൽ തിരികെയെത്തി. എന്നാൽ ബിയർ ഉത്പാദിപ്പിക്കുന്നത് കടയിൽ അല്ലെന്നും ഫാക്ടറിയിലാണെന്നും തിരിച്ചെടുക്കാൻ സാധിക്കില്ലെന്നും ജീവനക്കാരൻ അറിയിച്ചു.
പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിയർ കുപ്പിയിൽ മീൻ എങ്ങനെയെത്തി എന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്രയും സമയം ബിയറിനുള്ളിൽ കിടന്ന മീൻ ജീവനോടെയുള്ളതിനെ കുറിച്ചും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
National
ബെംഗളൂരു: കര്‍ണാടക പോലീസിന് നാണക്കേടായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്പെന്ഷന്. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്ഷന്.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 1968ലെ ഓള് ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്റെ പെരുമാറ്റമെന്ന് സസ്പെന്ഷന് ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന് എതിരെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന് കൂടിയാണ് രാമചന്ദ്ര റാവു. 2025 മാര്‍ച്ചില്‍ ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലായിരുന്നു.
NRI
ഡാളസ്: ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട് ഇത്തവണ ശ്രദ്ധേയമാകുകയാണ്. കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള ഒരു വിവാദപരമായ സന്ദേശം ഇത് പങ്കുവെക്കുന്നു.
പള്ളിക്ക് പുറത്തുള്ള പുൽക്കൂട്ടിൽ, മറിയയും യോസേഫും ഉണ്ണിയേശുവും മുള്ളുവേലിക്ക് പിന്നിലെ ആധുനിക കുടിയേറ്റക്കാർ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
വേലിക്ക് ചുറ്റുമുള്ള ബോർഡുകളിൽ വിശുദ്ധരാണ് അഭയാർത്ഥി, വിശുദ്ധരാണ് നിരീക്ഷണത്തിലുള്ളവരും പട്രോളിംഗിലുള്ളവരും എന്നിങ്ങനെ എഴുതിയിട്ടുണ്ട്.
ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള നിലവിലെ യാഥാർത്ഥ്യത്തെ സൂചിപ്പിക്കാനാണ് ഈ മനഃപൂർവമായ പ്രദർശനമെന്ന് അസോസിയേറ്റ് പാസ്റ്റർ ഇസബെൽ മാർക്വേസ് പറയുന്നു.
പ്രദേശവാസികൾ ഇതിനെ ധീരമായ ഒരു നീക്കമായും അതിർത്തിയിലെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള മികച്ച വ്യാഖ്യാനമായും വിശേഷിപ്പിച്ചു. യേശു ഒരു കുടിയേറ്റക്കാരനും ദേശാടകനുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു.
NRI
മനാമ: കാതുകളിലേക്ക് തൂമഞ്ഞു തഴുകുംപോലെ ഒഴുകിയിറങ്ങുന്ന ഒരു ക്രിസ്മസ് ഗാനം. എല്ലാം മറന്ന് ഒരു ക്രിസ്മസ് രാവിലേക്ക് ഇറങ്ങിനിന്ന് കാരൾ ഈണത്തിലേക്കു മനസുചേർത്ത അനുഭവം. ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം ആണ് മനംകവരുന്ന ഈണവുമായി ഈ ക്രിസ്മസ് ഗാനം "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഒരുക്കിയിരിക്കുന്നത്.
മ്യൂസിക് ഡ്രീമേഴ്സ് എന്ന ബാനറിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരം യു ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു കൂടുതൽ ചാരുതയേകുന്നു. റെജോയ് വർഗീസ് എഴുതിയ ഗാനത്തിന് അജീഷ് ബോസ് സംഗീതം പകർന്നു.
ആലാപനം അവാലി കത്തീഡ്രൽ ക്വയർ ടീം. ഈ ക്വയർ ടീം നേരത്തെയും ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ഗാനങ്ങൾകൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീനിയർ ടീമിൽ 20 പേരും ജൂണിയർ ടീമിൽ 15 പേരും അടങ്ങുന്നതാണ് ഇവരുടെ ക്വയർ ടീം.
ഓഡിയോഗ്രഫി: ആന്റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).
ഗാനം കേൾക്കാം
Viral
ജീവിതസായന്തനത്തിലും വിശ്രമിക്കാൻ നൊന്ന സിൽവാന മുത്തശി തയാറല്ല. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളുടെ പാചകവിദ്യകളും ഉത്തമജീവിതം നയിക്കാനുള്ള സാരോപദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുതുതലമുറയ്ക്കു പകർന്നുനൽകി ഏവരുടെയും പ്രത്യേകിച്ച് ഇറ്റലിക്കാരുടെ മനംകവരുകയാണ് ഈ 84കാരി.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഈ മുത്തശിക്ക് ഈവർഷത്തെ ഇറ്റലിയുടെ ടിക് ടോക്ക് ക്രിയേറ്റർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചുകഴിഞ്ഞു. 90 ദശലക്ഷം പേരാണ് നൊന്ന സിൽവാന മുത്തശിയുടെ ഉപദേശങ്ങൾക്കായും പാചകവിദ്യകൾക്കായും അവരെ സമൂഹമാധ്യമങ്ങളിൽ അനുഗമിക്കുന്നത്.
ഇറ്റലിയിലെ ടസ്കനിക്കടുത്ത മൊന്റെസ്പെർതൊലി സ്വദേശിനിയാണ് നൊന്ന സിൽവി എന്ന പേരിലും അറിയപ്പെടുന്ന നൊന്ന സിൽവാന. ടേസ്റ്റ് അറ്റ്ലാസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നൊന്ന മുത്തശിയെ ഫുഡ് ഹീറോയെന്നു വരെ വിശേഷിപ്പിച്ച് പുരസ്കാരം നൽകിയിട്ടുണ്ട്.
nonnasilvi.com എന്നപേരിൽ സ്വന്തമായി വെബ് പേജ് വരെ ഈ മുത്തശിക്കുണ്ട്. എട്ടാംവയസിൽ തന്റെ മുത്തശിയിൽനിന്നാണ് പാചകം പഠിച്ചതെന്ന് ഇവർ പറയുന്നു.
32-ാം വയസിൽ വിവാഹിതയായ നൊന്ന സിൽവാനയുടെ ഭർത്താവ് 11 വർഷത്തിനുശേഷം മരിച്ചു. ഏകമകൻ ആൻഡ്രിയ ഷെഫാണ്. കൊച്ചുമകൻ മത്തേയോയാണു മുത്തശിയുടെ പാചക വീഡികൾ ചിത്രീകരിക്കുന്നത്.