ഹൈദരാബാദ്: തെലങ്കാനയിൽ തുറക്കാത്ത ബിയർ കുപ്പിയിൽ ജീവനുള്ള മീൻ. ഹൈദരാബാദിലെ മല്ലാപ്പുരിലാണ് വിചിത്ര സംഭവം നടന്നത്. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്ന് വാങ്ങിയ ബിയറിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിയർ വാങ്ങിയ മധ്യവയസ്കൻ കുപ്പി തുറക്കുന്നതിന് മുൻപ് ഉള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
ഇതേ തുടർന്ന് ഇയാൾ ബിയറുമായി മദ്യഷാപ്പിൽ തിരികെയെത്തി. എന്നാൽ ബിയർ ഉത്പാദിപ്പിക്കുന്നത് കടയിൽ അല്ലെന്നും ഫാക്ടറിയിലാണെന്നും തിരിച്ചെടുക്കാൻ സാധിക്കില്ലെന്നും ജീവനക്കാരൻ അറിയിച്ചു.
പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിയർ കുപ്പിയിൽ മീൻ എങ്ങനെയെത്തി എന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്രയും സമയം ബിയറിനുള്ളിൽ കിടന്ന മീൻ ജീവനോടെയുള്ളതിനെ കുറിച്ചും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Tags : beer bottle hyderabad telengana viral